തിരുവനന്തപുരം: കേരളത്തിലെ വിവിധ മെഡിക്കല്‍ കോളേജുകളില്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ പുതിയ 75 പി.ജി. സീറ്റുകള്‍ അനുവദിച്ചു. കഴിഞ്ഞ വര്‍ഷം 72 സീറ്റുകളായിരുന്നു അനുവദിച്ചിരുന്നത്. 

ഈ വര്‍ഷം ഏറ്റവുമധികം പി.ജി. സീറ്റുകളനുവദിച്ചത് കേരളത്തിനാണ്. തിരുവനന്തപുരം, കോഴിക്കോട്, തൃശ്ശൂര്‍, ആലപ്പുഴ എന്നീ മെഡിക്കല്‍ കോളേജുകള്‍ക്കാണ് സീറ്റുകള്‍ കിട്ടിയത്.

എം.ഡി. അനസ്തേഷ്യോളജി- 27 സീറ്റ്, മെഡിസിന്‍- 17, ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി- 7 സീറ്റ്, സൈക്യാട്രി-1, റേഡിയോ ഡയഗ്‌നോസിസ്- 1, എം.എസ്. ഒഫ്താല്‍മോളജി- 5, ഓര്‍ത്തോപീഡിക് -5, എം.ഡി. പള്‍മണറി മെഡിസിന്‍- 1, എം.എസ്. സര്‍ജറി- 9, എം.ഡി. പീഡിയാട്രിക്സ്- 2 സീറ്റ് എന്നിവയാണ് പുതുതായി കിട്ടിയത്. 

ആരോഗ്യ മെഡിക്കല്‍ വിദ്യാഭ്യാസ രംഗങ്ങളില്‍ സര്‍ക്കാര്‍ നടപ്പാക്കിവരുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണിതെന്ന് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.