കൊൽക്കത്ത ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് (ഐസർ) ഗവേഷണ താത്‌പര്യമുള്ള വിദ്യാർഥികൾക്കായി ഓൺലൈൻ സമ്മർ സ്റ്റുഡന്റ്റിസർച്ച് പ്രോഗ്രാം നടത്തുന്നു. വേനലവധിക്കാലത്ത് ഐസറിലെ ഒരു ഗവേഷണഗ്രൂപ്പുമൊത്ത് ഗവേഷണമേഖലയിൽ ഏതെങ്കിലും ഒരു ഓൺലൈൻ പ്ലാറ്റ്ഫോം വഴി പ്രവർത്തിക്കാൻ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അവസരം ലഭിക്കും.

നിലവിലെ സാഹചര്യത്തിൽ പരീക്ഷണാടിസ്ഥാനമാക്കിയുള്ള ഒരു പ്രോജക്ടിൽ ഏർപ്പെടാൻ ഇക്കുറി പറ്റില്ല. മറിച്ച് ഒരു ഫാക്കൽറ്റിയുടെ സഹകരണത്തോടെ ഒരു തിയററ്റിക്കൽ പ്രോജക്ടിൽ പ്രവർത്തിക്കാനേ കഴിയൂ. കെ.വി.പി.വൈ. ഫെലോകൾക്കും അപേക്ഷിക്കാം. മറ്റു ബാഹ്യഫണ്ടിങ് ഇല്ലാത്തവർക്ക് സ്ഥാപന ഫെലോഷിപ്പ് ഉണ്ടാകില്ല.

ബി.എസ്സി., എം.എസ്സി., ബി.എസ്., എം.എസ്., ബി.ടെക്., ബി.ഇ. പ്രോഗ്രാമുകളിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം. മേയ് 17 മുതൽ ജൂലായ് 16 വരെയുള്ള കാലയളവിൽ 60 ദിവസം, പ്രതിദിനം അഞ്ചുമുതൽ ആറുമണിക്കൂർവരെ പ്രോജക്ട് പ്രവർത്തനങ്ങളിൽ ചെലവഴിക്കാൻ സന്നദ്ധരാകണം. പങ്കെടുക്കുന്ന വിദ്യാർഥി പ്രോജക്ട് പൂർത്തിയാക്കിയശേഷം ഒരു പ്രോജക്ട് റിപ്പോർട്ട് നൽകുകയും സൂപ്പർവൈസർ അത് മൂല്യമുള്ള ഒരു സമ്മർ പ്രോജക്ടായി അംഗീകരിക്കുകയും ചെയ്യുന്നപക്ഷം വിദ്യാർഥിക്ക് ഇ-മെയിൽ വഴി സാക്ഷ്യപത്രം നൽകുന്നതാണ്.

ഈ സംരംഭത്തിൽ സഹകരിക്കുന്ന ഫാക്കൽറ്റികളുടെ പട്ടിക https://www.iiserkol.ac.in/~summer.research/ ൽ കിട്ടും. ഇവരിൽ രണ്ടുപേരെ തിരഞ്ഞെടുക്കാം.

അപേക്ഷ ഈ ലിങ്കുവഴി മേയ് അഞ്ചിന് വൈകീട്ട് ആറുവരെ ഓൺലൈനായി നൽകാം. തിരഞ്ഞെടുക്കപ്പെടുന്നവരുടെ പട്ടിക മേയ് 12-ന് പ്രസിദ്ധപ്പെടുത്തും. സഹായങ്ങൾക്ക്-summer.reserch@iiserkol.ac.in.

Content Highlights: Kolkata IISER invites application for student research fellowship, apply now