പ്രായോഗിക തത്ത്വചിന്തയിലെ സമകാലിക രീതിയായ 'ഫിലോസഫിക്കൽ കൗൺസലി'ങ്ങിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രവേശനത്തിന് കേരള സർവകലാശാല അപേക്ഷ ക്ഷണിച്ചു. ഫിലോസഫി വകുപ്പിന്റെ കീഴിലുള്ള സെന്റർ ഫോർ ഫിലോസഫിക്കൽ കൗൺസലിങ് ആൻഡ് റിസർച്ച് ആണ് 30 പേർക്കു പ്രവേശനം നൽകുന്ന ഒരുവർഷം ദൈർഘ്യമുള്ള പ്രോഗ്രാം നടത്തുന്നത്.

വൈഷമ്യവും മനോവിഭ്രമവും അനുഭവപ്പെടുന്നവരെ ഡയഗണോസ്റ്റിക് ലേബലുകളോ ക്ലിനിക്കൽ ചികിത്സാരീതികളോ ഇല്ലാതെ വ്യക്തിയുടെ വികാരപരമായ സ്വഭാവത്തെ നവീകരിക്കാനാണ് ഫിലോസഫിക്കൽ കൗൺസലർമാർ ശ്രദ്ധിക്കുന്നത്. വ്യക്തികളെ ആത്മപരിശോധനയ്ക്ക് വിധേയരാക്കി പാശ്ചാത്യ, പൗരസ്ത്യ ചിന്തകരുടെ ദർശനങ്ങൾ ഉപയോഗിച്ച് സ്വയം വിശകലനംചെയ്യാൻ അവരെ സഹായിക്കുക എന്നതാണ് ഈ കൗൺസലിങ് രീതിയുടെ പ്രത്യേകത. കോഴ്സിന്റെ ഭാഗമായി പ്രായോഗിക പരിശീലനവും പഠിതാക്കൾക്ക് നൽകും.

ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടെ ബിരുദമെടുത്തവർക്ക് അപേക്ഷിക്കാം. ഫിലോസഫി, സൈക്കോളജി, സോഷ്യോളജി, സയൻസ് ബിരുദധാരികൾക്ക് മുൻഗണന.

അപേക്ഷാഫോറം www.cpcruok.com -ൽനിന്ന് ഡൗൺലോഡ് ചെയ്തെടുക്കാം. കേരള സർവകലാശാലാ കാര്യവട്ടം കാമ്പസിലെ ഫിലോസഫി വകുപ്പിലെ സെന്ററിൽനിന്ന് നേരിട്ടും വാങ്ങാം. പൂരിപ്പിച്ച അപേക്ഷ നവംബർ 25-നകം സെന്ററിൽ ലഭിക്കണം.

Content Highlights: Kerala University invites application for PG diploma in philosophical counselling, apply till november 25