ലോവര്‍ പ്രൈമറി വിഭാഗം, അപ്പര്‍ പ്രൈമറി വിഭാഗം, ഹൈസ്‌കൂള്‍ വിഭാഗം, സ്‌പെഷ്യല്‍ വിഭാഗം (ഭാഷായു.പി. തലംവരെ/സ്‌പെഷ്യല്‍ വിഷയങ്ങള്‍ഹൈസ്‌കൂള്‍ തലംവരെ) എന്നിവയിലെ അധ്യാപക യോഗ്യതാപരീക്ഷയുടെ (കെടെറ്റ്) വിജ്ഞാപനമായി. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പരീക്ഷാതീയതി വിജ്ഞാപനത്തോടൊപ്പം പ്രസിദ്ധീകരിക്കുന്നതല്ല.

പരീക്ഷയ്ക്ക് 20 ദിവസം മുമ്പ് പരീക്ഷാതീയതി പ്രഖ്യാപിക്കും. അപേക്ഷയും ഫീസും https://ktet.kerala.gov.in വഴി ഏപ്രില്‍ 28 മുതല്‍ മേയ് ആറുവരെ സമര്‍പ്പിക്കാം. ഒന്നിലധികം വിഭാഗങ്ങളില്‍ അപേക്ഷിക്കുന്നവര്‍ ഓരോന്നിനും 500 രൂപ വീതവും എസ്.സി./എസ്.ടി./പി.എച്ച്./ബ്ലൈന്റ് വിഭാഗത്തിലുള്ളവര്‍ 250 രൂപ വീതവും അടയ്ക്കണം. ഓണ്‍ലൈന്‍, നെറ്റ്ബാങ്കിങ്, ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് എന്നിവ മുഖേന പരീക്ഷാഫീസ് അടയ്ക്കാം.

ഓരോ വിഭാഗത്തിലും അപേക്ഷിക്കാനുള്ള യോഗ്യതയുടെ വിവരങ്ങള്‍ അടങ്ങിയ പ്രോസ്‌പെക്ടസ്, ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ https://ktet.kerala.gov.in, www.keralapareekshabhavan.in എന്നിവയില്‍ ലഭ്യമാണ്.ഒന്നോ അതിലധികമോ വിഭാഗങ്ങളില്‍ ഒരുമിച്ച് ഒരുതവണമാത്രമേ അപേക്ഷിക്കാനാകൂ. അപേക്ഷ സമര്‍പ്പിച്ച് ഫീസ് അടച്ച് കഴിഞ്ഞാല്‍ തിരുത്തലുകള്‍ അനുവദിക്കില്ല. നോട്ടിഫിക്കേഷനിലുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ അപേക്ഷിക്കുന്നതിനുമുമ്പ് ഡൗണ്‍ലോഡ് ചെയ്ത് വായിച്ചിരിക്കണം. പേര്, ജനനത്തീയതി, കാറ്റഗറി, ജാതി, വിഭാഗം എന്നിവ ശ്രദ്ധയോടെ പൂരിപ്പിച്ച് നോട്ടിഫിക്കേഷനില്‍ പറഞ്ഞ പ്രകാരം 2020 ഒക്ടോബര്‍ 19ന് ശേഷം എടുത്ത ഫോട്ടോ അപ്‌ലോഡ് ചെയ്യണം.

Content Highlights: Kerala teacher eligibility test 2021