കാസര്‍കോട് (പെരിയ) കേരള കേന്ദ്രസര്‍വകലാശാലയിലെ ബിരുദ, ബിരുദാനന്തരബിരുദ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം.

നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി 12 കേന്ദ്ര സര്‍വകലാശാലകളിലെ യു.ജി./പി.ജി. പ്രോഗ്രാം പ്രവേശനത്തിനായി നടത്തിയ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് (സി.യുസി.ഇ.ടി.) 2021 സ്‌കോര്‍ പരിഗണിച്ചായിരിക്കും പ്രവേശനം. ഈ പരീക്ഷയിലെ സ്‌കോര്‍ കാര്‍ഡ് https://cucet.nta.nic.in ല്‍നിന്നു ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.

ബിരുദതലത്തില്‍ ഒരു പ്രോഗ്രാം മാത്രമാണുള്ളത്ബി.എ. ഇന്റര്‍നാഷണല്‍ റിലേഷന്‍സ്. ഈ പ്രോഗ്രാം സര്‍വകലാശാലയുടെ തിരുവനന്തപുരം കാപ്പിറ്റല്‍ സെന്ററിലാണ്. മൂന്നുവര്‍ഷം (6 സെമസ്റ്റര്‍) ദൈര്‍ഘ്യമുള്ള പ്രോഗ്രാമിലേക്ക് അംഗീകൃത ബോര്‍ഡില്‍നിന്നു 50 ശതമാനം മാര്‍ക്കോടെ (പട്ടികവിഭാഗക്കാര്‍ക്ക് 45 ശതമാനം) പ്ലസ്ടു/തുല്യ പരീക്ഷ ജയിച്ചവര്‍ക്ക് അപേക്ഷിക്കാം.

പ്രായം 1.7.2021ന് 19 വയസ്സില്‍ താഴെ. സെമസ്റ്റര്‍ ട്യൂഷന്‍ ഫീസ് 660 രൂപ. മൊത്തം സീറ്റ് 63. അണ്‍ റിസര്‍വ്ഡ് 26, ഒ.ബി.സി 17, എസ്.സി9, എസ്.ടി5, ഇ.ഡബ്ല്യു.എസ്6.

പി.ജി.പ്രോഗ്രാമുകള്‍: എം. എഇക്കണോമിക്‌സ്, ഇംഗ്ലീഷ് ആന്‍ഡ് കംപാരറ്റീവ് ലിറ്ററേച്ചര്‍, ലിംഗ്വിസ്റ്റിക്‌സ് ആന്‍ഡ് ലാംഗ്വേജ് ടെക്‌നോളജി, ഹിന്ദി ആന്‍ഡ് കംപാരറ്റീവ് ലിറ്ററേച്ചര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സ്, മലയാളം, കന്നട, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് പോളിസി സ്റ്റഡീസ്; എം.എസ്‌സി. സുവോളജി, ബയോകെമിസ്ട്രി ആന്‍ഡ് മോളിക്യുലാര്‍ ബയോളജി, കെമിസ്ട്രി, കംപ്യൂട്ടര്‍ സയന്‍സ്, എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ജനോമിക് സയന്‍സ്, ജിജോളജി, മാത്തമാറ്റിക്‌സ്, ബോട്ടണി, ഫിസിക്‌സ്, യോഗ തെറാപ്പി. കൂടാതെ, എം.കോം, എം.ബി.എ., എം.എഡ്., എല്‍എല്‍.എം., എം.പി.എച്ച്., എം.എസ്.ഡബ്ല്യു. എന്നീ പി.ജി. പ്രോഗ്രാമുകളുമുണ്ട്. പി.ജി. ഡിപ്ലോമ പ്രോഗ്രാമുകളും ലഭ്യമാണ്.

പ്രവേശനത്തിനുവേണ്ട വിദ്യാഭ്യാസ യോഗ്യത, ഫീസ് ഘടന തുടങ്ങിയവ https://www.cukerala.ac.in ലെ അഡ്മിഷന്‍ ലിങ്കില്‍നിന്നു ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്ന പ്രോസ്‌പെക്ടസില്‍ ലഭിക്കും. താത്പര്യമുള്ളവര്‍ നവംബര്‍ രണ്ടിനകം https://www.cukerala.ac.in ലെ ഓണ്‍ലൈന്‍ അഡ്മിഷന്‍ പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ചെയ്യണം. രജിസ്‌ട്രേഷന്‍ ഫീസ് ഇല്ല.

Content Highlights: Kerala central University Admissions 2021