ൻജിനിയറിങ്, ഫാർമസി കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്മെന്റും ആർക്കിടെക്ചർ കോഴ്സിലേക്കുള്ള ആദ്യഘട്ട അലോട്ട്മെന്റും www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ഫീസ് ശനിയാഴ്ച മുതൽ 31 വരെ ഓൺലൈനായോ ഹെഡ് പോസ്റ്റ് ഓഫീസ് മുഖാന്തിരമോ അടയ്ക്കാം. തുടർന്ന് കോളേജിൽ നേരിട്ട് ഹാജരായോ വെർച്വൽ ആയോ പ്രവേശനം നേടണം. പ്രവേശനം നേടാത്ത വിദ്യാർഥികളുടെ അലോട്ട്മെന്റും ബന്ധപ്പെട്ട ഹയർ ഓപ്ഷനുകളും റദ്ദാകുമെന്ന് കമ്മിഷണർ അറിയിച്ചു.

പ്രവേശനം നേടേണ്ട തീയതിയും സമയവും ഉൾപ്പെടുത്തിയുള്ള വിശദമായ ഷെഡ്യൂൾ www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 31-ന് വൈകീട്ട് നാലിനകം പ്രവേശനം നേടണം. കൂടാതെ അലോട്ട്മെന്റ് ലഭിച്ച കോളേജ് വെബ്സൈറ്റ് സന്ദർശിച്ച് പ്രവേശന നടപടി ക്രമങ്ങൾ മനസ്സിലാക്കണം. എസ്.സി., എസ്.ടി., ഒ.ഇ.സി., മറ്റ് ഫീസ് ആനുകൂല്യമുള്ള വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ കോളേജുകളിൽ അടയ്ക്കേണ്ട കോഷൻ െഡപ്പോസിറ്റ് പ്രവേശന പരീക്ഷാ കമ്മിഷണർക്ക് ഓൺലൈനായി അടയ്ക്കാം.

അലോട്ട്മെന്റുമായി ബന്ധപ്പെട്ട വിവരങ്ങൾ വിദ്യാർഥിയുടെ ഹോം പേജിൽ ലഭിക്കും. അലോട്ട്മെന്റ് മെമ്മോ നിർബന്ധമായും പ്രിന്റൗട്ട് എടുക്കണം. ആദ്യ അലോട്ട്മെന്റിൽ താത്‌കാലികമായി ഉൾപ്പെടുത്തിയ സ്വാശ്രയ എൻജിനിയറിങ് കോളേജുകളിലേക്കും പുതുതായി അനുവദിക്കപ്പെട്ട 31 കോഴ്സുകളിലേക്കുമുള്ള അലോട്ട്മെന്റ് ഈ ഘട്ടത്തിൽ ഒഴിവാക്കിയതായി പ്രവേശന പരീക്ഷാ കമ്മിഷണർ അറിയിച്ചു.

എൻജിനിയറിങ്, ഫാർമസി മൂന്നാം ഘട്ട അലോട്ട്മെന്റ്, ആർക്കിടെക്ചർ രണ്ടാം അലോട്ട്മെന്റ് നടപടി ക്രമങ്ങൾ നവംബർ ഒന്നിന് ആരംഭിക്കും. മൂന്നാംഘട്ട അലോട്ട്മെന്റിന് മുൻപായി ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നടത്തുന്നതിനും നിലവിലുള്ള ഓപ്ഷനുകൾ ക്രമീകരിക്കുന്നതിനും ആവശ്യമില്ലാത്ത ഓപ്ഷനുകൾ റദ്ദ് ചെയ്യുന്നതിനും പുതിയ കോഴ്സുകളോ കോളേജുകളോ ഉൾപ്പെടുത്തുന്ന പക്ഷം അവയിലേക്ക് ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യം ലഭിക്കുമെന്ന് കമ്മിഷണർ അറിയിച്ചു.

Content Highlights: KEAM 2020 Second Allotment Published at cee.kerala.gov.in