കേരളത്തിൽ ആദ്യമായി ഡാറ്റാ സയൻസ് ആൻഡ് അനലിറ്റിക്സിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയ്ക്ക് അപേക്ഷ ക്ഷണിച്ച് കണ്ണൂർ സർവകലാശാല. സർവകലാശാലയ്ക്ക് കീഴിലുള്ള സ്കൂൾ ഓഫ് ഇൻഫർമേഷൻ സയൻസ് ആൻഡ് ടെക്നോളജിയാണ് കോഴ്സ് നടത്തുന്നത്. ആകെ 25 സീറ്റുകളാണുള്ളത്. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാകും വിദ്യാർഥികളുടെ തിരഞ്ഞെടുപ്പ്. വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ് സൗകര്യവും സർവകലാശാല ഒരുക്കുന്നുണ്ട്.

യോഗ്യത: ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് 55 ശതമാനം മാർക്കിൽ കുറയാത്ത എം.സി.എ/ എം.എസ്സി കംപ്യൂട്ടർ സയൻസ്/ എം.എസ്സി ഇൻഫർമേഷൻ ടെക്നോളജി/ എം.എസ് സി ബയോ ഇൻഫർമാറ്റിക്സ്/ എം.ടെക് (കംപ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ& ഇലക്ട്രോണിക്സ്)/എം.എസ് സി മാത്തമാറ്റിക്സ്/എം.എസ് സി സ്റ്റാറ്റിസ്റ്റിക്സ്/ എം.എസ് സി അപ്ലൈഡ് മാത്തമാറ്റിക്സ്/ എം.എസ് സി ഫിസിക്സ്/ എം.എസ് സി ഇലക്ട്രോണിക്സ്/ എം.എസ് സി ജിയോളജി/ എം.എസ് സി ജോഗ്രഫി/ എം.എസ് സി ബയോ സ്റ്റാറ്റിസ്റ്റിക്സ്/ എം.എസ് സി അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ്/എം.എ ഇക്കണോമിക്സ്/ ബി.ടെക്-എം.ബി.എ ബിരുദം. എസ്.സി.ബി.സി/ ഭിന്നശേഷിക്കാർക്ക് 50 ശതമാനം മാർക്കും എസ്.സി, എസ്.ടി വിദ്യാർഥികൾക്ക് മിനിമം പാസ് മാർക്കും മതിയാകും.

കോഴ്സ് ഘടന: ഒരു വർഷമാണ് കോഴ്സിന്റെ ദൈർഘ്യം. സെമസ്റ്റർ രീതിയിലുള്ള കോഴ്സിന്റെ ആദ്യ സെമസ്റ്ററിൽ ഏഴ് മൊഡ്യൂളും രണ്ടാം സെമസ്റ്ററിൽ രണ്ട് മൊഡ്യൂളുമാകും ഉണ്ടാകുക. 300 മണിക്കൂർ പ്രോജക്ടും കോഴ്സിന്റെ ഭാഗമാണ്. ഓപ്പൺ സോഴ്സ് സ്റ്റാറ്റിസ്റ്റിക്കൽ ടൂളുകളായ പൈത്തൺ, ആർ, ഹഡൂപ്, എന്നിവ ഉപയോഗിച്ചുള്ള ഡാറ്റാ അനലിറ്റിക്സ് പഠനമാണ് കോഴ്സിന്റെ പ്രത്യേകത.

അപേക്ഷഫീസ്: 1000 രൂപയാണ് അപേക്ഷാഫീസ്. എസ്.സി, എസ്.ടി, ഭിന്നശേഷിക്കാർക്ക് 500 രൂപ. എസ്.ബി.ഐ കളക്റ്റ് വഴി ഓൺലൈനായാണ് ഫീസടയ്ക്കേണ്ടത്.

അപേക്ഷ: www.kannuruniversity.ac.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. മേയ് 28 വരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

Content Highlights: Kannur university invites application for PG Diploma in Data Science and analytics