ജോയന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെ.ഇ.ഇ.) മെയിന്‍/അഡ്വാന്‍സ്ഡ് റാങ്ക് പട്ടികകളുടെ അടിസ്ഥാനത്തിലുള്ള അലോട്ട്‌മെന്റിന്റെ സമയക്രമം ജോയന്റ് സീറ്റ് അലോക്കേഷന്‍ അതോറിറ്റി (ജോസ) പ്രഖ്യാപിച്ചു. ജെ.ഇ.ഇ. മെയിന്‍ അടിസ്ഥാനമാക്കിയുള്ള ബി.ഇ./ബി.ടെക്., ബി.ആര്‍ക്, ബി.പ്ലാനിങ് റാങ്ക് പട്ടികകള്‍, ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് അടിസ്ഥാനമാക്കിയുള്ള റാങ്ക് പട്ടിക എന്നിവ പരിഗണിച്ചുള്ള സംയുക്ത സീറ്റ് അലോട്ട്‌മെന്റ് പ്രക്രിയയാണ് ജോസ നടത്തുന്നത്.
ജെ.ഇ.ഇ. മെയിന്‍ റാങ്ക് പട്ടികകളുടെ അടിസ്ഥാനത്തിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എന്‍.ഐ.ടി.) വിഭാഗം അലോട്ട്‌മെന്റില്‍ 31 എന്‍.ഐ.ടി., 26ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐ.ഐ.ഐ.ടി.), 30 ഗവണ്‍മെന്റ് ഫണ്ടഡ് ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (ജി.എഫ്.ടി.ഐ.), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനിയറിങ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (ഷിബ്പുര്‍) എന്നിവ ഉള്‍പ്പെടുന്നു. ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് അടിസ്ഥാനത്തിലുള്ള അലോട്ട്‌മെന്റില്‍ 23 ഐ.ഐ.ടി.കളാണുള്‍പ്പെട്ടിരിക്കുന്നത്.
അലോട്ട്‌മെന്റ് രജിസ്‌ട്രേഷനും ചോയ്‌സ് ഫില്ലിങ്ങും ഒക്ടോബര്‍ ആറിന് തുടങ്ങും. രണ്ടുവിഭാഗത്തിലും (മെയിന്‍, അഡ്വാന്‍സ്ഡ്) അര്‍ഹത ലഭിക്കുന്നവര്‍ രണ്ടിലെയും സ്ഥാപനങ്ങളും കോഴ്‌സുകളും പരിഗണിച്ച് ആപേക്ഷിക മുന്‍ഗണന നിശ്ചയിച്ചാണ് ചോയ്‌സ് ഫില്ലിങ് നടത്തേണ്ടത്.
ആറു റൗണ്ട് അലോട്ട്‌മെന്റുകളുടെ സമയക്രമമാണ് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. ഒക്ടോബര്‍ 17, 21, 26, 30, നവംബര്‍ 3, 7 തീയതികളിലാണ് അലോട്ട്‌മെന്റുകള്‍ പ്രഖ്യാപിക്കുക. ഓരോന്നിനുശേഷവും അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിങ്, ഫീസ് അടയ്ക്കല്‍, ഡോക്യുമെന്റ് അപ് ലോഡിങ് (ആവശ്യമെങ്കില്‍ സംശയങ്ങള്‍ക്ക് വിദ്യാര്‍ഥിയുടെ പ്രതികരണം സ്വീകരിക്കും) എന്നിവ നടത്തണം. സ്വീകരിച്ച സീറ്റ് വേണ്ടെന്നുവെക്കാന്‍, അഞ്ചാംറൗണ്ടുവരെ അവസരമുണ്ടാകും. വിശദാംശങ്ങള്‍ https://josaa.nic.in -ല്‍ ലഭിക്കും.
പ്രവേശനസാധ്യതകള്‍ വിലയിരുത്താന്‍ 2016-2019 വര്‍ഷങ്ങളിലെ ഈ പ്രക്രിയയിലെ സ്ഥാപനം/കോഴ്സ്/കാറ്റഗറി പ്രകാരമുള്ള ഓപ്പണിങ്/ക്ലോസിങ് റാങ്കുകളും ജോസ വെബ്‌സൈറ്റില്‍ ലഭിക്കും.
Content Highlights: JOSAA allotment schedule published