ജമ്മു, ബോധ്ഗയ (ബിഹാര്‍) എന്നീ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് മാനേജ്‌മെന്റ് (ഐ.ഐ. എം.) 2021-22 ല്‍ തുടങ്ങുന്ന അഞ്ച് വര്‍ഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇന്‍ മാനേജ്‌മെന്റ് (ഐ.പി.എം.) പ്രവേശനത്തിന് അപേക്ഷിക്കാം.

രണ്ടു സ്ഥാപനങ്ങള്‍ക്കും പൊതുവായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ.) ജൂണ്‍ 20-ന് നടത്തുന്ന കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയായ ജോയന്റ് ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇന്‍ മാനേജ്‌മെന്റ് അഡ്മിഷന്‍ ടെസ്റ്റ് (ജിപ്മാറ്റ്) 2021 അടിസ്ഥാനമാക്കിയാണ് പ്രവേശനം. പരീക്ഷയ്ക്ക് ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, ഡേറ്റ ഇന്റര്‍പ്രറ്റേഷന്‍ ആന്‍ഡ് ലോജിക്കല്‍ റീസണിങ്, വെര്‍ബല്‍ എബിലിറ്റി ആന്‍ഡ് റീഡിങ് ക്രോംപ്രിഹന്‍ഷന്‍ എന്നിവയില്‍നിന്ന് യഥാക്രമം 33, 33, 34 ചോദ്യങ്ങള്‍ ഉണ്ടാകും. ശരിയുത്തരത്തിന് നാല് മാര്‍ക്ക്. ഉത്തരം തെറ്റിയാല്‍ ഒരു മാര്‍ക്ക് കുറയ്ക്കും.

കേരളത്തില്‍ കൊച്ചി, കോഴിക്കോട് തിരുവനന്തപുരം എന്നിവ പരീക്ഷാ കേന്ദ്രങ്ങളാണ്. അപേക്ഷാര്‍ഥി പ്ലസ്ടു/തത്തുല്യ പരീക്ഷ, ആര്‍ട്‌സ്/സയന്‍സ്/കൊമേഴ്‌സ്/ഡിപ്ലോമ സ്ട്രീമില്‍ 60 ശതമാനം മാര്‍ക്കോടെ (പട്ടിക/ഭിന്നശേഷി/മൂന്നാം ജന്‍ഡര്‍ വിഭാഗക്കാര്‍ക്ക് 55 ശതമാനം മാര്‍ക്ക്) 2019-ലോ 2020-ലോ ജയിച്ചിരിക്കണം. 2021-ല്‍ യോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പത്താം ക്ലാസ് പരീക്ഷ ഇതേ മാര്‍ക്ക് വാങ്ങി 2017-ലോ ശേഷമോ ജയിച്ചിരിക്കണം.

അപേക്ഷ https://jipmat.nta.cbexams.com/ വഴി ഏപ്രില്‍ 30 വൈകീട്ട് അഞ്ചുവരെ നല്‍കാം.

Content Highlights: jipmat Exams