മാർച്ച് 15, 16, 17, 18 തീയതികളിൽ നടത്തുന്ന ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ. ഇ.) മെയിൻ രണ്ടാം സെഷന് മാർച്ച് ആറ് വൈകീട്ട് ആറുവരെ https://jeemain.nta.nic.in വഴി അപേക്ഷിക്കാം. ഈ സെഷനിൽ ബി.ഇ./ബി.ടെകിന് (പേപ്പർ-1) മാത്രമായിരിക്കും പരീക്ഷ നടത്തുക.

ഏപ്രിൽ 27, 28, 29, 30 തീയതികളിൽ നടത്തുന്ന ബി.ഇ./ബി.ടെക്. പേപ്പർ ഒന്നിനും മേയ് 24 മുതൽ 28 വരെ നടത്തുന്ന ബി.ഇ./ബി.ടെക്. (പേപ്പർ 1), ബി. ആർക്./ബി.പ്ലാനിങ് (പേപ്പർ 2 എ, പേപ്പർ 2 ബി) എന്നിവയ്ക്കും ഇതോടൊപ്പം താത്‌പര്യമുള്ളപക്ഷം ഇപ്പോൾ രജിസ്റ്റർചെയ്യാം. ഏപ്രിൽ/മേയ് സെഷനുകൾക്ക് പിന്നീട് രജിസ്റ്റർ ചെയ്യാനും അവസരമുണ്ടാകും. രജിസ്റ്റർ ചെയ്യുന്ന സെഷനുകൾക്കനുസരിച്ച് ഫീസ് അടയ്ക്കേണ്ടിവരും.

മാർച്ച്/ഏപ്രിൽ/മേയ് സെഷനുകൾക്കു മുമ്പ് അപേക്ഷിച്ചവർക്ക് അവരുടെ വിവരങ്ങളിൽ (സെഷൻ, കാറ്റഗറി, വിഷയം തുടങ്ങിയവ) മാറ്റം വരുത്താനും മാർച്ച് ആറുവരെ സൗകര്യമുണ്ടാകും.

അപേക്ഷാ ഫോമിലെ നിർദേശങ്ങൾ പാലിച്ച് മാർച്ച്/ഏപ്രിൽ/മേയ് സെഷനുകൾക്ക് നേരത്തേ അപേക്ഷിച്ചവർക്ക് പിൻവാങ്ങാനും ഇപ്പോൾ സൗകര്യമുണ്ട്. വിശദമായ അറിയിപ്പ് ജെ.ഇ.ഇ. മെയിൻ വെബ്സൈറ്റിൽ ലഭ്യമാണ്.

ആൻസർ കീ ചലഞ്ച്: ഫെബ്രുവരി 23 മുതൽ 26 വരെ നടത്തിയ ജെ.ഇ.ഇ. മെയിൻ പേപ്പർ 1, 2 എ, 2 ബി പേപ്പറുകളുടെ ഉത്തരസൂചികകളിൽ പരാതിയുള്ളവർക്ക് ചോദ്യംചെയ്യാനുള്ള സൗകര്യം മാർച്ച് മൂന്നിന് വൈകീട്ട് അഞ്ചുവരെ ലഭിക്കും. ഒരു ഉത്തരസൂചിക ചലഞ്ച് ചെയ്യാനുള്ള ഫീസ് 200 രൂപയാണ്. ഓൺലൈനായി അടയ്ക്കാം. വിശദാംശങ്ങൾ https://jeemain.nta.nic.in ൽ ലഭിക്കും.

Content Highlights: JEE Main apply till march 6