ജെ.ഇ.ഇ മെയിന്‍ രണ്ടാം പരീക്ഷയ്ക്കുള്ള രജിസ്‌ട്രേഷന്‍ ഫെബ്രുവരി ഏഴ് മുതല്‍ മാര്‍ച്ച് ഏഴ് വരെ jeemain.nta.nic.in വഴി നടത്താം. ഇമേജ് അപ്‌ലോഡ് ചെയ്യാനും അപേക്ഷാ ഫീസടയ്ക്കാനും മാര്‍ച്ച് ഏട്ടുവരെ സൗകര്യമുണ്ടാകും. പരീക്ഷ ഏപ്രില്‍ അഞ്ച്, ഏഴ്, ഏട്ട്, ഒമ്പത്, 11 തീയതികളിലാകും. ബി.ഇ./ബി.ടെക്., ബി.ആര്‍ക്ക്., ബി. പ്ലാനിങ് പരീക്ഷകള്‍ രണ്ടാം ജെ.ഇ.ഇ. മെയിനിലും ഉണ്ടാകും. രണ്ടാം പരീക്ഷ കഴിഞ്ഞും ആ പരീക്ഷ അഭിമുഖീകരിച്ചവരുടെ എന്‍.ടി.എ. സ്‌കോര്‍ ഇതേ രീതിയില്‍ കണക്കാക്കും.

ആര്‍ക്കെല്ലാം അപേക്ഷിക്കാം

ആദ്യ ജെ.ഇ.ഇ. മെയിന്‍ അഭിമുഖീകരിച്ചവര്‍ക്കും അഭിമുഖീകരിക്കാത്തവര്‍ക്കും രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാം, അഭിമുഖീകരിക്കാം.

ആദ്യപരീക്ഷ മാത്രമോ, രണ്ടാം പരീക്ഷ മാത്രമോ അഭിമുഖീകരിക്കുന്നവരുടെ കാര്യത്തില്‍, അഭിമുഖീകരിച്ച പരീക്ഷയില്‍ അവര്‍ക്കു ലഭിച്ച എന്‍.ടി.എ. സ്‌കോര്‍ പരിഗണിച്ചാകും ജെ.ഇ.ഇ. മെയിന്‍ റാങ്ക് നിര്‍ണയിക്കുക. രണ്ടുപരീക്ഷകളും അഭിമുഖീകരിക്കുന്നവരുടെ കാര്യത്തില്‍ രണ്ടില്‍ മെച്ചപ്പെട്ട എന്‍.ടി.എ. സ്‌കോര്‍ ആകും റാങ്ക് നിര്‍ണയത്തിന് പരിഗണിക്കുക (പരീക്ഷയില്‍ ലഭിക്കുന്ന യഥാര്‍ഥ മാര്‍ക്കല്ല, റാങ്ക് നിര്‍ണയത്തിന് പരിഗണിക്കുന്നത്).


Content Highlights: JEE Main application process begins from 07 February