ജോയന്റ് അഡ്മിഷന്‍ ടെസ്റ്റ് ഫോര്‍ മാസ്റ്റേഴ്‌സ് (ജാം) 2021 അടിസ്ഥാനമാക്കി 22 പ്രമുഖ സ്ഥാപനങ്ങളിലെ 2021-22ലെ മാസ്റ്റേഴ്‌സ് പ്രോഗ്രാം പ്രവേശനത്തിനായി നടത്തുന്ന സെന്‍ട്രലൈസ്ഡ് കൗണ്‍സലിങ് ഫോര്‍ എം.എസ്സി./ എം.എസ്സി. (ടെക്) അഡ്മിഷന്‍സ് (സി.സി.എം.എന്‍.) പ്രക്രിയയിലേക്ക് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം.

സ്ഥാപനങ്ങള്‍

രാജ്യത്തെ 20 നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ടെക്‌നോളജി (എന്‍.ഐ.ടി.കള്‍), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനിയറിങ്, സയന്‍സ് ആന്‍ഡ് ടെക്‌നോളജി (ഐ.ഐ.ഇ.എസ്.ടി. -ഷിബ്പുര്‍), സന്ത് ലോംഗോവാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനിയറിങ് ആന്‍ഡ് ടെക്‌നോളജി (എസ്.എല്‍.ഐ.ഇ.ടി.- ലോംഗോവാള്‍) എന്നീ സ്ഥാപനങ്ങളിലെ പ്രവേശനമാണ് സി.സി.എം.എന്‍. പരിധിയില്‍ വരുന്നത്.

കോഴിക്കോട് എന്‍.ഐ.ടി.

അപേക്ഷകര്‍ക്ക് 2021-ലെ ജാം സ്‌കോര്‍ വേണം. യോഗ്യതാ പ്രോഗ്രാം സി.ജി.പി.എ. 6.5/60 ശതമാനം മാര്‍ക്ക് (പട്ടിക, ഭിന്നശേഷിക്കാര്‍ക്ക് 6.0/55 ശതമാനം) വാങ്ങി ജയിച്ചിരിക്കണം. ഓരോ സ്ഥാപനത്തിലെയും പ്രോഗ്രാമുകള്‍, പ്രവേശനയോഗ്യത, വിശേഷാല്‍ യോഗ്യതാ വ്യവസ്ഥകള്‍, ആവശ്യമായ ജാം പേപ്പര്‍, സീറ്റ് ലഭ്യത തുടങ്ങിയ വിവരങ്ങള്‍ https://ccmn.admissions.nic.in -ല്‍ ലഭ്യമാണ്. കോഴിക്കോട് എന്‍.ഐ.ടി.യിലെ മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി എം.എസ്സി. പ്രോഗ്രാമുകളിലെ അലോട്ട്‌മെന്റ് ഈ പ്രക്രിയയില്‍ ഉള്‍പ്പെടുന്നു.

മൂന്ന് ഘട്ടങ്ങള്‍

റെഗുലര്‍ റൗണ്ടുകളിലെ കൗണ്‍സലിങ് പ്രക്രിയയില്‍ മൂന്നു ഘട്ടങ്ങള്‍ ഉണ്ടാകും. ആദ്യ ഘട്ടം- ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍, ചോയ്‌സ് ഫില്ലിങ്, ലോക്കിങ് ഓഫ് ചോയ്‌സസ്. രണ്ടാം ഘട്ടത്തില്‍ (മൂന്ന് റൗണ്ടുകള്‍), സീറ്റ് അലോട്ട്‌മെന്റ്, സീറ്റ് അക്‌സപ്റ്റന്‍സ് ഫീസ് അടയ്ക്കല്‍, രേഖകളുടെ അപ്ലോഡിങ്, വില്ലിങ്നസ് നല്‍കല്‍, ഓണ്‍ലൈന്‍ രേഖാ പരിശോധന എന്നിവ ഉണ്ടാകും. മൂന്നാം ഘട്ടം- ഓണ്‍ലൈന്‍ രേഖാ പരിശോധന, അന്തിമമായി അലോട്ട് ചെയ്യപ്പെട്ട സ്ഥാപനത്തില്‍ പ്രവേശനം.

രണ്ടു സ്‌പെഷ്യല്‍ റൗണ്ടുകളും ഉണ്ടാകും. വിശദാംശങ്ങള്‍ വെബ്‌സൈറ്റിലും അവിടെയുള്ള ഇന്‍ഫര്‍മേഷന്‍ ബ്രോഷറിലും ലഭിക്കും. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍, ഫീസ് അടയ്ക്കല്‍ എന്നിവ https://ccmn.admissions.nic.in വഴി ജൂലായ് ഒന്നിന് വൈകീട്ട് അഞ്ചുവരെ നടത്താം. ചോയ്‌സ് ഫില്ലിങ്, ലോക്കിങ് ജൂലായ് രണ്ടിനകം പൂര്‍ത്തിയാക്കണം.

ആദ്യ അലോട്ട്‌മെന്റ് ജൂലായ് അഞ്ചിന്. വിവരങ്ങള്‍ക്ക്: https://ccmn.admissions.nic.in