കംപ്യൂട്ടര്‍ സയന്‍സ്, ഐ.ടി., ഇലക്‌ട്രോണിക്‌സ്, മാത്തമാറ്റിക്‌സ് മേഖലയില്‍ ബിരുദ, ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്നവര്‍ക്ക് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐ.ഐ.ഐ.ടി.) കോട്ടയം ഇന്റേണ്‍ഷിപ്പിന് അവസരമൊരുക്കുന്നു

പഠിക്കുന്ന മേഖലയില്‍ കൂടുതല്‍ അറിവുനേടുന്നതിനും ഗവേഷണസ്വഭാവം വളര്‍ത്തിയെടുക്കാനുമാണ് ഇന്റേണ്‍ഷിപ്പ് അനുവദിക്കുന്നത്. നാലുമുതല്‍ എട്ടാഴ്ചവരെയാണ് പ്രോഗ്രാം. ഓണ്‍ലൈനായി പങ്കെടുക്കാം. ഇന്റേണ്‍ഷിപ്പ് കാലയളവില്‍ വിദ്യാര്‍ഥി ഐ.ഐ.ഐ.ടി.യിലെ ഫാക്കല്‍റ്റിയുമായി ചേര്‍ന്ന് ഗവേഷണപ്രവര്‍ത്തനങ്ങള്‍ നടത്തണം. ഇവ അക്കാദമിക് ജേണലുകളില്‍ പ്രസിദ്ധീകരിക്കണം. 5000 രൂപയാണ് ഇന്റേണ്‍ഷിപ്പ് ഫീസ്.

ഫാക്കല്‍റ്റിയെ അറിയുക

അപേക്ഷിക്കുന്നതിനുമുമ്പ് www.iiitkottayam.ac.in/#!/facutly വഴി ഫാക്കല്‍റ്റിയെയും അവരുടെ ഗവേഷണമേഖലയെക്കുറിച്ചും അറിയണം. ഇവ മനസ്സിലാക്കിയശേഷം ഇമെയില്‍വഴി വിദ്യാര്‍ഥിക്ക് അവരുമായി ആശയവിനിമയം നടത്താം. ഗവേഷണമേഖലകള്‍ ചര്‍ച്ചചെയ്യാം. അധ്യാപകന് വിദ്യാര്‍ഥിയുടെ താത്പര്യമറിയാനും വിദ്യാര്‍ഥിക്ക് അധ്യാപകന്റെ സവിശേഷമേഖലകള്‍ അറിയാനും ഇതിലൂടെ സാധിക്കും. തുടര്‍ന്നാണ് രജിസ്റ്റര്‍ചെയ്യേണ്ടത്. ഫാക്കല്‍റ്റി നല്‍കുന്ന സമ്മതപത്രം അപേക്ഷയ്‌ക്കൊപ്പം നല്‍കണം.

കാമ്പസ് സന്ദര്‍ശിക്കാം

ഇന്റേണ്‍ഷിപ്പ് ഓണ്‍ലൈനാണെങ്കിലും വിദ്യാര്‍ഥികള്‍ക്ക് അവരുടെ അവധിസമയത്ത് ഐ.ഐ.ഐ.ടി. കാമ്പസ് സന്ദര്‍ശിച്ച് ലൈബ്രറി, ലാബ് സൗകര്യം ഉപയോഗിക്കാം. മികവിന്റെ അടിസ്ഥാനത്തില്‍ ഇന്റേണ്‍ഷിപ്പ് കാലാവധി നീട്ടിനല്‍കും. ദേശീയസെമിനാറുകളിലും വെബിനാറുകളിലും പങ്കെടുക്കാം. വിദ്യാര്‍ഥികളുടെ സവിശേഷമേഖലകളിലെ പുതിയ വിവരങ്ങള്‍ പഠിക്കാനും അത് പ്രയോഗിക്കാനും അവസരം ലഭിക്കും. വിവരങ്ങള്‍ക്ക്: www.iiitkottayam.ac.in അവസാന തീയതി: നവംബര്‍15

അഭിരുചി തിരിച്ചറിയാം

സ്വന്തം അഭിരുചി തിരിച്ചറിഞ്ഞ്, ഓണ്‍ലൈന്‍ പഠനത്തിന്റെ സാധ്യതകള്‍ ദേശീയ പ്രാധാന്യമുള്ള സ്ഥാപനത്തില്‍ പരമാവധി പ്രയോജനപ്പെടുത്താം. ഇന്റേണ്‍ഷിപ്പ് കാലാവധിക്കുശേഷവും സ്ഥാപനത്തിലെ ഗവേഷണസംഘവുമായി ചേര്‍ന്നുപ്രവര്‍ത്തിക്കാന്‍ കഴിവുതെളിയിക്കുന്നവര്‍ക്ക് അവസരമുണ്ടാകും.

ഡോ. എം. രാധാകൃഷ്ണന്‍, രജിസ്ട്രാര്‍ ഐ.ഐ.ഐ.ടി., കോട്ടയം

പേപ്പര്‍ പ്രസിദ്ധീകരിച്ചു

ബി.ടെക്. രണ്ടാംവര്‍ഷം പഠിക്കുമ്പോഴാണ് ഇന്റേണ്‍ഷിപ്പ് ചെയ്യുന്നത്. ഫാക്കല്‍റ്റിയുമായി ചേര്‍ന്ന് ഗവേഷണ പേപ്പര്‍ പ്രസിദ്ധീകരിച്ചു. അക്കാദമിക് സൗകര്യം പൂര്‍ണമായി ഉപയോഗിക്കാന്‍ കഴിഞ്ഞു. വിദഗ്ധരുമായി ആശയവിനിമയം നടത്തി.

ബില്‍ ജോസ് സിബി, ബി.ടെക്. ഇലക്‌ട്രോണിക്‌സ് കമ്യൂണിക്കേഷന്‍ (2019 ഇന്റേണ്‍ഷിപ്പ് ബാച്ച്)

പുതിയ കാര്യങ്ങള്‍ പഠിച്ചു

ഐ.ഒ.ടി.യുടെ പുതിയ സാങ്കേതികവിദ്യകള്‍ പഠിച്ചു. കൂടാതെ, ഐ.ഇ.ഇ.ഇ.യില്‍ പേപ്പര്‍ പ്രസിദ്ധീകരിച്ചു. ഇന്റേണ്‍ഷിപ്പിന്റെ സഹായത്താല്‍ ടെക്‌നിക്കല്‍ ഇന്റര്‍വ്യൂകളില്‍ കൂടുതല്‍ മാര്‍ക്കുനേടാന്‍ സാധിച്ചു.

ശ്രീലക്ഷ്മി നായത്ത്, ബി.ടെക്. കംപ്യൂട്ടര്‍ സയന്‍സ് (2018 ഇന്റേണ്‍ഷിപ്പ് ബാച്ച്)

Content Highlights:  Internship at IIIT Kottayam, Latest Education news