ന്യൂഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷണൽ പ്ലാനിങ് ആൻഡ് അഡ്മിനിസ്ട്രേഷൻ (എൻ.ഐ. ഇ.പി. എ.) നടത്തുന്ന ഇന്റഗ്രേറ്റഡ് എം.ഫിൽ-പിഎച്ച്.ഡി., പിഎച്ച്.ഡി (ഫുൾ ടൈം/പാർട് ടൈം) എന്നിവയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

ഇന്റഗ്രേറ്റഡ് എം.ഫിൽ-പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷാർഥിക്ക് 55 ശതമാനം മാർക്കോടെ (പട്ടികജാതി/വർഗ/ഒ.ബി.സി./ഭിന്നശേഷി വിഭാഗക്കാർക്ക് 50 ശതമാനം)/തത്തുല്യ ഗ്രേഡോടെ സോഷ്യൽ സയൻസസ്/അനുബന്ധ വിഷയത്തിൽ മാസ്റ്റേഴ്സ് ബിരുദം വേണം. മറ്റു മേഖലകളിൽ മാസ്റ്റേഴ്സ് ബിരുദമുള്ള അധ്യാപനപരിചയമോ എജ്യുക്കേഷണൽ പോളിസി പ്ലാനിങ് ആൻഡ് അഡ്മിനിസ്ട്രേഷൻ മേഖലയിലെ പ്രവൃത്തിപരിചയമോ ഉള്ളവരെയും പരിഗണിക്കും. നെറ്റ് യോഗ്യതയോടെ യു.ജി.സി.-ജെ.ആർ.എഫ്. ഉള്ളവർക്ക് മുൻഗണനയുണ്ട്. യോഗ്യതാപരീക്ഷയുടെ അന്തിമഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.

ഫുൾടൈം/പാർട് ടൈം പിഎച്ച്.ഡി. പ്രവേശനത്തിന് അപേക്ഷാർഥി ഇന്റഗ്രേറ്റഡ് എം.ഫിൽ-പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിന് വേണ്ട യോഗ്യത തൃപ്തിപ്പെടുത്തണം. കൂടാതെ എജ്യുക്കേഷണൽ പോളിസി പ്ലാനിങ് ആൻഡ് അഡ്മിനിസ്ട്രേഷനിൽ എം.ഫിൽ ബിരുദവും വേണം. ഉയർന്ന നിലവാരമുള്ള പ്രസിദ്ധീകരണങ്ങളുള്ള സോഷ്യൽ സയൻസസ്/അനുബന്ധ മേഖലയിലെ എം.ഫിൽ ഉള്ളവരെയും പരിഗണിക്കും.

പാർട് ടൈം പിഎച്ച്.ഡി. പ്രവേശനത്തിന് അപേക്ഷാർഥി എജ്യുക്കേഷണൽ പോളിസി പ്ലാനിങ് ആൻഡ് അഡ്മിനിസ്ട്രേഷൻ മേഖലയിലോ ടീച്ചിങ്/റിസർച്ച് മേഖലയിലോ കുറഞ്ഞത് അഞ്ചുവർഷത്തെ പ്രവൃത്തിപരിചയമുള്ള സീനിയർതല വിദ്യാഭ്യാസ ഉദ്യോഗസ്ഥനായിരിക്കണം. ഒരു വർഷത്തെ കോഴ്സ് വർക്കിനായി സ്ഥാപനത്തിൽനിന്ന് അവധിക്ക് അർഹതയുണ്ടായിരിക്കണം.

ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെടുന്ന അപേക്ഷകർക്ക് എഴുത്തുപരീക്ഷയും അഭിമുഖവും ഉണ്ടാകും. അപേക്ഷ http://www.niepa.ac.in ലെ അഡ്മിഷൻ ലിങ്കിലെ ഗൂഗിൾ ഫോം വഴി നൽകാം. പ്രോസ്പക്ടസ്, ലിങ്കിൽ കിട്ടും. അപേക്ഷാ ഫീസ് 400 രൂപ. പട്ടികജാതി/വർഗ/ഇ.ഡബ്ല്യ.എസ്. വിഭാഗക്കാർക്ക് 200 രൂപ. ഓൺലൈനായി അടയ്ക്കാം. അപേക്ഷാ പ്രിന്റ് ഔട്ടും അനുബന്ധരേഖകളും മേയ് 25-നകം ഇൻസ്റ്റിറ്റ്യൂട്ട് രജിസ്ട്രാർക്ക് ലഭിക്കണം.

Content Highlights: Integrated Ph.D, M.phil at NIEPA