റാഞ്ചി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ (ഐ.ഐ.എം.) അഞ്ചുവര്‍ഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇന്‍ മാനേജ്‌മെന്റ് പ്രവേശനത്തിന് അപേക്ഷിക്കാം. കോളേജ് ബോര്‍ഡ് നടത്തുന്ന സ്‌കൊളാസ്റ്റിക് അസസ്‌മെന്റ് ടെസ്റ്റ് (എസ്.എ.ടി.) വഴിയാണ് തിരഞ്ഞെടുപ്പ്. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് എഴുത്തുപരീക്ഷ, ഇന്റര്‍വ്യൂ എന്നിവയും ഉണ്ടാകും. ഈ മൂന്നു ഘടകങ്ങളിലെ സ്‌കോറും 10, 12 ക്ലാസുകളിലെ അക്കാദമിക് മികവും പരിഗണിച്ചാണ് 120 പേരെ തിരഞ്ഞെടുക്കുക.
ഫുള്‍ടൈം റെസിഡന്‍ഷ്യല്‍ രീതിയില്‍ നടത്തുന്ന ഈ ഇന്റഗ്രേറ്റഡ് ബാച്ചിലര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ (ബി.ബി.എ.എം.ബി.എ.) പ്രോഗ്രാം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് എം.ബി.എ. ബിരുദം ലഭിക്കും. ആദ്യ മൂന്നുവര്‍ഷത്തെ പഠനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ബി.ബി.എ. ബിരുദവുമായി പുറത്തുവരാം.
അപേക്ഷാര്‍ഥി അംഗീകൃത 10, 12 തല/തുല്യ പരീക്ഷകള്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ ജയിച്ചിരിക്കണം. എന്‍ജിനിയറിങ്/ബിസിനസ് ഡിപ്ലോമക്കാര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി ഇല്ല. യോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
സാറ്റ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ചെയ്യാന്‍ https://collegereadiness.collegeboard.org/sat സന്ദര്‍ശിക്കുക. അതിന്റെ വിശദാംശങ്ങള്‍ https://www.iimranchi.ac.in/p/ipm ലും ലഭ്യമാണ്. 2021 മാര്‍ച്ച് 13ന് നടത്തുന്ന സാറ്റ് പരീക്ഷയ്ക്ക് ഫെബ്രുവരി 12 വരെ രജിസ്റ്റര്‍ ചെയ്യാം. മേയ് എട്ടിന് നടത്തുന്ന പരീക്ഷയ്ക്ക് ഏപ്രില്‍ എട്ടുവരെയും.
ഐ.പി.എമ്മിന് അപേക്ഷാസമര്‍പ്പണം തുടങ്ങുന്ന തീയതി പിന്നീട് പ്രഖ്യാപിക്കും. എന്നാല്‍, ഐ.പി.എം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 30 ആണ്. ഐ.പി.എം. അപേക്ഷ നല്‍കും മുമ്പ് സാറ്റിന് രജിസ്റ്റര്‍ ചെയ്ത് അത് അഭിമുഖീകരിച്ചിരിക്കണം. വിശദാംശങ്ങള്‍ സൈറ്റുകളില്‍ ലഭ്യമാണ്.
Content Highlights: Integrated Management course in ranchi IIM, apply now