പാചക കലയില്‍ (കളിനറി ആര്‍ട്‌സ്) ബാച്ചിലര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ (ബി.ബി.എ.), മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ (എം.ബി.എ.) പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഇന്ത്യന്‍ കളിനറി ഇന്‍സ്റ്റിറ്റ്യൂട്ട് (ഐ.സി.ഐ.) അപേക്ഷ ക്ഷണിച്ചു. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ ഈ സ്വയംഭരണ സ്ഥാപനം മധ്യപ്രദേശിലെ ഇന്ദിരാഗാന്ധി നാഷണല്‍ ട്രൈബല്‍ സര്‍വകലാശാലയുമായി സഹകരിച്ചാണ് നൊയിഡ, തിരുപ്പതി കേന്ദ്രങ്ങളില്‍ പ്രോഗ്രാം നടത്തുന്നത്.

ഹോസ്പിറ്റാലിറ്റി മേഖലയില്‍ പ്രവര്‍ത്തിക്കാന്‍വേണ്ട വൈദഗ്ധ്യവും അറിവും മനോഭാവവും വിദ്യാര്‍ഥികളില്‍ രൂപപ്പെടുത്തിയെടുക്കാന്‍ ഈ പ്രോഗ്രാമുകള്‍ ലക്ഷ്യമിടുന്നു. 50 ശതമാനം മാര്‍ക്കോടെ (പട്ടിക വിഭാഗക്കാര്‍ക്ക് 45 ശതമാനം) പ്ലസ്ടു/തുല്യപരീക്ഷ ജയിച്ചവര്‍ക്ക് ബി.ബി.എ. (കളിനറി ആര്‍ട്‌സ്) പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. കളിനറി ആര്‍ട്‌സ്/ഹോസ്പിറ്റാലിറ്റി/ഹോട്ടല്‍ മാനേജ്‌മെന്റില്‍ ഫുള്‍ടൈം ബാച്ചിലര്‍ ബിരുദം 50 ശതമാനം മാര്‍ക്കോടെ നേടിയവര്‍ക്ക് കളിനറി ആര്‍ട്‌സ് എം.ബി.എ. പ്രോഗ്രാമിന് അപേക്ഷിക്കാം. ഉയര്‍ന്നപ്രായം ബി.ബി.എ.യ്ക്ക് 22 വയസ്സും എം.ബി.എ.ക്ക് 25 വയസ്സും ആണ്. 1.7.2021 പ്രകാരം കണക്കാക്കും.

അപേക്ഷ http://thims.gov.in വഴി നല്‍കാം. അപേക്ഷയുടെ പ്രിന്റൗട്ട് ജൂലായ് 15-നകം നൊയിഡ ഐ.സി.ഐ.യില്‍ ലഭിക്കണം. വിലാസം സൈറ്റിലെ ബ്രോഷറില്‍. പ്രിന്റ് ഔട്ടിന്റെ പകര്‍പ്പ് Indianaculinayinstitute@gmail.com ലേക്കും അയയ്ക്കാം.

Content Highlights: Indian Culinary Institute invites application for BBA, MBA Courses