കൊല്‍ക്കത്ത ജാദവ്പുര്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ കള്‍ട്ടിവേഷന്‍ സയന്‍സസില്‍ (ഐ.എ.സി.എസ്.) വിവിധ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ കീഴിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.

* പ്ലസ്ടു സയന്‍സ് വിദ്യാര്‍ഥികള്‍ക്കായി അഞ്ചുവര്‍ഷം ദൈര്‍ഘ്യമുള്ള ഇന്റഗ്രേറ്റഡ് ബാച്ചിലേഴ്‌സ്മാസ്റ്റേഴ്‌സ് പ്രോഗ്രാം ഇന്‍ സയന്‍സ് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജിക്കല്‍ സയന്‍സസ്, മാത്തമാറ്റിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ് എന്നീ വിഷയങ്ങളിലാണ് ഉള്ളത്. സയന്‍സ്‌സ്ട്രീമില്‍ 60 ശതമാനം മാര്‍ക്കോടെ പ്ലസ്ടു/തത്തുല്യ പരീക്ഷ ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. ഓണ്‍ലൈന്‍ അണ്ടര്‍ ഗ്രാജ്വേറ്റ് പ്രീഇന്റര്‍വ്യൂ സ്‌ക്രീനിങ് ടെസ്റ്റ് (യു.പി.എസ്.ടി.) ഉണ്ടാകും. എന്‍ട്രന്‍സ് ടെസ്റ്റ്, ഇന്റര്‍വ്യൂ മാര്‍ക്കുകള്‍ചേര്‍ത്ത് റാങ്ക് പട്ടിക തയ്യാറാക്കും. കോഴ്‌സിന്റെ നാലാംവര്‍ഷം മുതല്‍ മാസ സ്‌റ്റൈപ്പെന്‍ഡ് ലഭിക്കാം.

* മാസ്റ്റേഴ്‌സ്/ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്‌സ്പിഎച്ച്.ഡി.: കെമിക്കല്‍ സയന്‍സസ്, ഫിസിക്കല്‍ സയന്‍സസ്, മെറ്റീരിയല്‍സ് സയന്‍സസ്, മാത്തമാറ്റിക്കല്‍ ആന്‍ഡ് കംപ്യൂട്ടേഷണല്‍ സയന്‍സസ്, അപ്ലൈഡ് ആന്‍ഡ് ഇന്റര്‍ ഡിസിപ്ലിനറി സയന്‍സസ് എന്നീ സ്‌കൂളുകളിലാണ് പ്രോഗ്രാം ഉള്ളത്. 60 ശതമാനം മാര്‍ക്കോടെയുള്ള ബാച്ചിലര്‍ബിരുദം വേണം. മാസ്റ്റേഴ്‌സ് പ്രീഇന്റര്‍വ്യൂ സ്‌ക്രീനിങ് ടെസ്റ്റ് (എം.പി.എസ്.ടി.), ഇന്റര്‍വ്യൂ എന്നിവ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. ആദ്യരണ്ടുവര്‍ഷം മാസം 12,000 രൂപനിരക്കില്‍ സ്‌റ്റൈപ്പെന്‍ഡ് ലഭിക്കാം. എം.എസ്‌സി. പ്രോഗ്രാം വിജയകരമായി പൂര്‍ത്തിയാക്കുന്നവരെ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്‌സ്പിഎച്ച്.ഡി. കോഴ്‌സില്‍ പിഎച്ച്.ഡി. പ്രോഗ്രാമില്‍ പ്രവേശിപ്പിക്കും. യോഗ്യതയ്ക്കുവിധേയമായി ഇവര്‍ക്ക് ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് അനുവദിക്കും.

അപേക്ഷ http://www.iacs.res.in- വഴി ജൂലായ് 18 വരെ നല്‍കാം. ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.

Content Highlights: Indian association for cultivation sciences invites application for UG, PG courses