ന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് (ഐസർ) പ്ലസ്ടു, സയൻസ് സ്ട്രീമിൽ പഠിച്ച് ജയിച്ചവർക്കായി നടത്തുന്ന പ്രോഗ്രാമുകളിലെ പ്രവേശനത്തിന്റെ ആദ്യ വിജ്ഞാപനം പ്രസിദ്ധപ്പെടുത്തി. ബർഹാംപുർ, ഭോപാൽ, കൊൽക്കത്ത, തിരുവനന്തപുരം, പുണെ, മൊഹാലി, തിരുപ്പതി ഐസറുകളിലായാണ് അഞ്ച്/നാലുവർഷ പ്രോഗ്രാമുകൾ.

അഞ്ചുവർഷ ബാച്ചിലർ ഓഫ് സയൻസ് (ബി.എസ്.)-മാസ്റ്റർ ഓഫ് സയൻസ് (എം.എസ്.) ഡ്യുവൽ ഡിഗ്രി പ്രോഗ്രാം ബയോളജിക്കൽ സയൻസസ്, കെമിക്കൽ സയൻസസ്, മാത്തമാറ്റിക്കൽ സയൻസസ്, ഫിസിക്കൽ സയൻസസ് എന്നിവയിൽ എല്ലാ ഐസറുകളിലും ഉണ്ട്. കൂടാതെ, കൊൽക്കത്തയിൽ എർത്ത് സയൻസസിലും പുണെയിൽ എർത്ത് ആൻഡ് ക്ലൈമറ്റ് സയൻസസിലും ഭോപാലിൽ എർത്ത് ആൻഡ് എൻവയൺമെന്റൽ സയൻസസിലും ഡ്യുവൽ ഡിഗ്രി പ്രോഗ്രാം ലഭ്യമാണ്.

തിരുവനന്തപുരത്ത് ഇന്റഗ്രേറ്റഡ് ആൻഡ് ഇന്റർ ഡിസിപ്ലിനറി സയൻസസ് പ്രോഗ്രാമുമുണ്ട്. ഭോപാലിൽ എൻജിനിയറിങ് സയൻസസ് (കെമിക്കൽ എൻജിനിയറിങ്, ഡേറ്റാ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്ട്രിക്കൽ എൻജിനിയറിങ് ആൻഡ് കംപ്യൂട്ടർ സയൻസ്), ഇക്കണോമിക്സ് എന്നിവയിൽ നാലു വർഷ ബി.എസ്. പ്രോഗ്രാമുണ്ട്.

കിഷോർ വൈജ്യാനിക് പ്രോത്സാഹൻ യോജന (കെ.വി.പി.വൈ.) ഫെലോഷിപ്പ് ഉള്ളവർക്ക് അപേക്ഷിക്കാവുന്ന ചാനൽ, ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ.) അഡ്വാൻസ്ഡിൽ നിശ്ചിത കട്ട് ഓഫ് റാങ്ക് വാങ്ങുന്നവർക്ക് അപേക്ഷിക്കാവുന്ന ചാനൽ, സ്റ്റേറ്റ് ആൻഡ് സെൻട്രൽ ബോർഡ് (എസ്.സി.ബി.) ചാനൽ എന്നിവ വഴി പ്രവേശനം തേടാം. എസ്.സി.ബി. ചാനൽ പ്രവേശനം ഐസർ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (ഐ.എ.ടി.) വഴിയാണ്. കേരളത്തിൽ എല്ലാ ജില്ലകളിലും ഇതിന് പരീക്ഷാ കേന്ദ്രങ്ങളുണ്ടാകും. സിലബസ് www.iiseradmission.in -ൽ ലഭ്യമാണ്. പ്രവേശന കലണ്ടർ www.iiseradmission.in -ൽ മാർച്ച് 29-നുശേഷം പ്രസിദ്ധപ്പെടുത്തും.

Content Highlights: IISER admission, notification published