ഐ.സി.എം.ആര്‍. (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്) ജെ.ആര്‍.എഫ്. (ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ്)എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ സെപ്റ്റംബര്‍ 12-ന് നടത്തും. മെഡിക്കല്‍ കോളേജ്/ഹോസ്പിറ്റല്‍/സര്‍വകലാശാല/നാഷണല്‍ ലബോറട്ടറി/സ്ഥാപനങ്ങള്‍ എന്നിവയിലൊന്നില്‍ ഗവേഷണത്തിന് പ്രവേശനം നേടുന്നതിനു വിധേയമായാണ് ജെ.ആര്‍.എഫ്. അനുവദിക്കുക. അഞ്ചുവര്‍ഷം വരെ ഫെലോഷിപ്പ് ലഭിക്കാം.

വിഷയങ്ങള്‍: മൈക്രോബയോളജി, ഫിസിയോളജി, മോളിക്യുളാര്‍ ബയോളജി, ജനറ്റിക്‌സ്, ഹ്യൂമണ്‍ ബയോളജി, ബയോടെക്‌നോളജി, ബയോകെമിസ്ട്രി, ബയോഇന്‍ഫര്‍മാറ്റിക്‌സ്, ബയോഫിസിക്‌സ്, ഇമ്യൂണോളജി, ഫാര്‍മക്കോളജി, നഴ്‌സിങ്, സുവോളജി, ബോട്ടണി, എന്‍വയോണ്‍മന്റെല്‍ സയന്‍സസ്, വെറ്ററിനറി മെഡിസിന്‍ (അഗ്രിക്കള്‍ച്ചര്‍ എക്സ്റ്റന്‍ഷന്‍, സോയില്‍ സയന്‍സസ് മുതലായവ ഒഴികെ) തുടങ്ങി ലൈഫ് സയന്‍സസില്‍ ഊന്നല്‍നല്‍കുന്ന ബയോമെഡിക്കല്‍ സയന്‍സസ് ഗവേഷണത്തിന് ഫെലോഷിപ്പ് അനുവദിക്കും.

സൈക്കോളജി, സോഷ്യോളജി, ഹോം സയന്‍സസ്, സ്റ്റാറ്റിസ്റ്റിക്‌സ്, ആന്ത്രോപ്പോളജി, സോഷ്യല്‍ വര്‍ക്ക്, പബ്ലിക് ഹെല്‍ത്ത്, ഹെല്‍ത്ത് ഇക്കണോമിക്‌സ് (അഗ്രിക്കള്‍ച്ചര്‍ ഇക്കണോമിക്‌സ് പരിഗണിക്കില്ല) തുടങ്ങിയ സാമൂഹികശാസ്ത്ര മേഖലയിലെ ഗവേഷണത്തിനും നല്‍കും. ലൈഫ് സയന്‍സസ്/സോഷ്യല്‍ സയന്‍സസ് എന്നിവയ്ക്ക് തയ്യാറാക്കുന്ന പ്രത്യേക മെറിറ്റ് പട്ടിക കൂടാതെ, ഐ.സി.എം. ആറിന്റെ വിവിധ പ്രോജക്ടുകളിലേക്കു പരിഗണിക്കപ്പെടാന്‍ 100 പേര്‍ അടങ്ങുന്ന മറ്റൊരു പട്ടികകൂടി തയ്യാറാക്കിയേക്കും.

യോഗ്യത: വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ എം.എസ്സി./എം.എ./തത്തുല്യബിരുദം വേണം. യോഗ്യതാപ്രോഗ്രാം അന്തിമപരീക്ഷ അഭിമുഖീകരിക്കുന്നവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷ: https://main.icmr.nic.in വഴിയോ https://pgimer.edu.in വഴിയോ ജൂലായ് 31 വരെ നല്‍കാം.

Content Highlights: ICMR JRF Examination 2021