സ്വതന്ത്ര സോഫ്റ്റ്വേർ രംഗത്തെ സ്ത്രീശാക്തീകരണം ലക്ഷ്യമാക്കി കേരള സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്വേർ കേന്ദ്രം (ഐസിഫോസ്) വനിതകൾക്കായി സംഘടിപ്പിക്കുന്ന വിന്റർ സ്കൂളിന്റെ മൂന്നാംപതിപ്പ് ജനുവരി 27 മുതൽ ഫെബ്രുവരി 12 വരെ ഓൺലൈനായി നടക്കും.

സ്വതന്ത്ര സോഫ്റ്റ്വേർ മേഖലയിൽ വനിതാ ഗവേഷകർക്ക് അവസരമൊരുക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. നാച്വറൽ ലാംഗ്വേജ് പ്രൊസസിങ്, മെഷീൻലേണിങ്, ഡേറ്റാ അനലറ്റിക്സ് എന്നീ നൂതന വിഷയങ്ങളിൽ കഴിഞ്ഞ വർഷങ്ങളിൽ നടത്തിയ വിന്റർ സ്കൂളിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഗവേഷകർ, അധ്യാപകർ, കമ്പനി പ്രൊഫഷണലുകൾ തുടങ്ങിയ മേഖലകളിൽനിന്ന് അറുപതിലധികം വനിതകളാണ് രണ്ട് ഘട്ടങ്ങളിൽലായി പരിശീലനം പൂർത്തിയാക്കിയത്. വിദേശ സർവകലാശാലകളിലും ഐ.ഐ.ടി.കളിലുമാണ് സമ്മർ, വിന്റർ സ്കൂളുകൾ നടത്തിവരുന്നത്.

പരീക്ഷണാടിസ്ഥാനത്തിൽ ഐസിഫോസ് സംഘടിപ്പിച്ച ആദ്യ രണ്ട് വിന്റർ സ്കൂളിനും കേരളത്തിന് അകത്തുനിന്നും പുറത്തുനിന്നും പ്രാതിനിധ്യം ഉണ്ടായിരുന്നു. മൂന്നാം പതിപ്പ് ദിവസവും മൂന്നുമണിക്കൂർവീതം പതിനഞ്ചുദിവസം നീണ്ടുനിൽക്കുന്ന ഓൺലൈൻ പരിപാടിയായിരിക്കും. 'അൺ സ്ട്രെക്ച്ചേർഡ് ഡേറ്റ അനാലിസിസ്, നാച്വറൽ ലാംഗ്വേജ് പ്രൊസസിങ്' എന്നീ വിഷയങ്ങൾക്കാണ് ഊന്നൽ നൽകുന്നത്. ഇന്ത്യയിലെ വിവിധ സർവകലാശാലകളിലെയും സാങ്കേതിക രംഗത്തെ പ്രമുഖ സ്ഥാപനങ്ങളിലെയും വിദഗ്ധരാണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്. https://schools.icfoss.org/ വഴി അപേക്ഷിക്കാം. അവസാന തീയതി ജനുവരി 24. വിവരങ്ങൾക്ക്: 7356610110.

Content Highlights: ICFOSS free software winter school for women