ഐ.സി.എ.ആർ. യു.ജി., പി.ജി., പിഎച്ച്.ഡി. അലോട്ട്മെന്റ് പ്രക്രിയയുടെ മൂന്നാംഘട്ട അലോട്ട്മെന്റ് ഡിസംബർ 12-ന് പ്രഖ്യാപിക്കും. സമയക്രമമനുസരിച്ച് രണ്ടുറൗണ്ട് അലോട്ട്മെന്റുകൾ കഴിഞ്ഞെങ്കിലും ഒരു റൗണ്ടിലെയും വിവരങ്ങൾ പൊതുവായി പ്രസിദ്ധപ്പെടുത്തിയിട്ടില്ല. ബിരുദതലത്തിൽ 10 പ്രോഗ്രാമുകളിലായി 2812 സീറ്റുകളിലേക്കാണ് ഐ.സി.എ.ആർ. അലോട്ട്മെന്റ് നടത്തുന്നത്.
ആദ്യ രണ്ട് റൗണ്ട് അലോട്ട്മെന്റ് നവംബർ 17, 30 തീയതികളിൽ പ്രഖ്യാപിച്ചെങ്കിലും ഓരോ റൗണ്ടിലെയും വിവരങ്ങൾ പ്രക്രിയയുടെ വെബ്സൈറ്റായ https://icarexam.net ൽ ഇപ്പോഴും പ്രസിദ്ധപ്പെടുത്തിയിട്ടില്ല. ഇതുകൊണ്ട് ഓരോ റൗണ്ടിലും ഏതു റാങ്കുവരെ ഏതൊക്കെ സർവകലാശാലയിൽ വിദ്യാർഥികൾക്ക് പ്രവേശനം ലഭിച്ചെന്ന് മറ്റു വിദ്യാർഥികൾക്ക് അറിയാൻ കഴിഞ്ഞിട്ടില്ല. അലോട്ട്മെന്റ് ലഭിക്കുന്നവർക്ക് ഹോം പേജിൽ നിന്ന് വിവരം അറിയാം. ഏറ്റവും നിർണായകമായ ഈ വിവരം പൊതുവായി ലഭ്യമാക്കാത്തതിന്റെ കാരണം വ്യക്തമല്ല. തുടർ റൗണ്ടിൽ സാധ്യത വിലയിരുത്താൻ വിദ്യാർഥിക്ക് സഹായകരമായ ഈ വിവരം മറ്റു കൗൺസലിങ് പ്രക്രിയകളിലെല്ലാം വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തുന്നുണ്ട്.
മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എം.സി.സി.), ആയുഷ് അഡ്മിഷൻസ് സെൻട്രൽ കൗൺസലിങ് കമ്മിറ്റി, ജോയന്റ് സീറ്റ് അലോക്കേഷൻ അതോറിറ്റി, സെൻട്രൽ സീറ്റ് അലോക്കേഷൻ ബോർഡ്, സംസ്ഥാന സർക്കാർ ഏജൻസികൾ നടത്തുന്ന വിവിധ അലോട്ട്മെന്റുകൾ എന്നിവയിലെല്ലാം ഈ വിവരങ്ങൾ വിദ്യാർഥികൾക്ക് വെബ്സൈറ്റുവഴി ലഭ്യമാക്കുന്നുണ്ട്. എം.സി.സി., ആയുഷ് പോലെ ചിലതിൽ പൂർണ അലോട്ട്മെന്റ് പട്ടികതന്നെ പ്രസിദ്ധപ്പെടുത്തുന്നുണ്ട്.
ഐ.സി.എ.ആർ. അലോട്ട്മെന്റ് പ്രക്രിയയിലെ മറ്റൊരു പ്രത്യേകത വിദ്യാർഥികൾക്ക് സർവകലാശാലകളിലേക്കു മാത്രമേ ഓപ്ഷൻ നൽകാൻ കഴിയൂ എന്നുള്ളതാണ്. മറ്റെല്ലാ പ്രക്രിയകളിലും കോളേജിലേക്ക് ഓപ്ഷൻ നൽകാം. ഐ.സി.എ.ആർ. ഒരു സർവകലാശാലയിലേക്കാണ് ചോയ്സിന്റെ അടിസ്ഥാനത്തിൽ അലോട്ട്മെന്റ്നൽകുന്നത്. കോളേജുകളിലേക്കുള്ള അലോട്ട്മെന്റ് നടത്തുന്നത് ബന്ധപ്പെട്ട സർവകലാശാലയാണ്. ഇതിന്റെ വിശദാംശങ്ങളും വിദ്യാർഥികൾക്ക് അറിയാൻ അവസരമില്ല.
കേരള കാർഷിക സർവകലാശാല, കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് സർവകലാശാല, കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് എന്നിവയിലെ അഖിലേന്ത്യാ ക്വാട്ട സീറ്റുകളും ഈ പ്രക്രിയയിൽ ഉൾപ്പെടുന്നുണ്ട്. പി.ജി., പിഎച്ച്.ഡി. അലോട്ട്മെന്റ് വിവരങ്ങളും ഐ.സി.എ.ആർ. കൗൺസലിങ് വെബ്സൈറ്റിൽ നൽകിയിട്ടില്ല.
Content Highlights: ICAR third allotment on december 12