ന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ഐസര്‍) ബിരുദതല പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബര്‍ഹാംപുര്‍, ഭോപാല്‍, കൊല്‍ക്കത്ത, മൊഹാലി, പുണെ, തിരുവനന്തപുരം, തിരുപ്പതി എന്നീ സെന്ററുകളിലാണ് പ്രവേശനം.

എന്‍ജിനിയറിങ് സയന്‍സസ് (കെമിക്കല്‍ എന്‍ജിനിയറിങ്, ഡേറ്റാ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്, ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ് ആന്‍ഡ് കംപ്യൂട്ടര്‍ സയന്‍സ്), ഇക്കണോമിക് സയന്‍സസ് എന്നീ നാലുവര്‍ഷ ബാച്ചിലര്‍ ഓഫ് സയന്‍സ് (ബി.എസ്.) പ്രോഗ്രാമുകള്‍ ഭോപാലില്‍ ഉണ്ട്.

വിവിധ ഐസറുകളിലായി അഞ്ചുവര്‍ഷ ബാച്ചിലര്‍ ഓഫ് സയന്‍സ് മാസ്റ്റര്‍ ഓഫ് സയന്‍സ് (ബി.എസ്.എം.എസ്.) പ്രോഗ്രാം, ബയോളജിക്കല്‍ സയന്‍സസ്, കെമിക്കല്‍ സയന്‍സസ്, മാത്തമാറ്റിക്കല്‍ സയന്‍സസ്, ഫിസിക്കല്‍ സയന്‍സസ്, എര്‍ത്ത് ആന്‍ഡ് ക്ലൈമറ്റ് സയന്‍സസ്/എര്‍ത്ത് ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ സയന്‍സസ്, ജിയോളജിക്കല്‍ സയന്‍സസ്, ഇന്റഗ്രേറ്റഡ് ആന്‍ഡ് ഇന്റര്‍ഡിസിപ്ലിനറി സയന്‍സസ് എന്നിവയില്‍ ലഭ്യമാണ്. ഓരോ കേന്ദ്രത്തിലെയും വിഷയങ്ങള്‍ www.iiseradmission.in/ല്‍ ലഭിക്കും.

അപേക്ഷകര്‍ പ്ലസ്ടു പരീക്ഷ സയന്‍സ് സ്ട്രീമില്‍ പഠിച്ച് 60 ശതമാനം മാര്‍ക്കോടെ (പട്ടിക/ഭിന്നശേഷിക്കാര്‍ക്ക് 55 ശതമാനം)/തുല്യ ഗ്രേഡോടെ ജയിച്ചിരിക്കണം. ബി.എസ്.എം.എസ്. പ്രവേശനത്തിന് പ്ലസ്ടു തലത്തില്‍ മാത്തമാറ്റിക്‌സോ ബയോളജിയോ പഠിച്ചിരിക്കണം. നാലുവര്‍ഷ ബി.എസ്. (ഇക്കണോമിക് സയന്‍സസ്, എന്‍ജിനിയറിങ് സയന്‍സസ്) പ്രവേശനത്തിന് പ്ലസ്ടു തലത്തില്‍ മാത്തമാറ്റിക്‌സ് പഠിച്ചിരിക്കണം.

പ്രവേശനം മൂന്നു ചാനലുകള്‍ വഴി

2021'22ല്‍ സജീവമാകുന്ന കിഷോര്‍ വൈജ്ഞ്യാനിക് പ്രോത്സാഹന്‍ യോജന (കെ.വി.പി.വൈ.) ഫെലോഷിപ്പിന് അര്‍ഹതയുള്ളവര്‍ക്ക് കെ.വി.പി.വൈ. ചാനലില്‍ അപേക്ഷിക്കാം.

2021 ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് കോമണ്‍ റാങ്ക് പട്ടികയിലോ കാറ്റഗറി പട്ടികയിലോ 15000നകം റാങ്കുള്ളവര്‍ക്ക് ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് ചാനല്‍ വഴി അപേക്ഷിക്കാം.

മൂന്നാം ചാനല്‍ സ്റ്റേറ്റ് ആന്‍ഡ് സെന്‍ട്രല്‍ ബോര്‍ഡ്‌സ് ചാനലാണ് (എസ്.സി.ബി.).

2020ലോ 2021ലോ സയന്‍സ് സ്ട്രീമില്‍ പ്ലസ്ടു ജയിച്ച കട്ട് ഓഫ് മാര്‍ക്ക് (60/55 ശതമാനം) നേടിയവര്‍ക്ക് സ്റ്റേറ്റ് ആന്‍ഡ് സെന്‍ട്രല്‍ ബോര്‍ഡ്‌സ് ചാനല്‍ (എസ്.സി.ബി.) വഴി അപേക്ഷിക്കാം. ഇവര്‍ ഐസര്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (ഐ.എ.ടി.) അഭിമുഖീകരിക്കണം. പരീക്ഷ സെപ്റ്റംബര്‍ 17ന്. കേരളത്തില്‍ എല്ലാ ജില്ലകളിലും പരീക്ഷാകേന്ദ്രമുണ്ട്.

അപേക്ഷ: കെ.വി.പി.വൈ; എസ്.സി.ബി. ചാനലുകള്‍ വഴി പ്രവേശനം തേടുന്നവര്‍ക്ക് www.iiseradmission.in/ വഴി ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം. അര്‍ഹതയ്ക്കുവിധേയമായി ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ ചാനലില്‍ അപേക്ഷിക്കാം. രജിസ്‌ട്രേഷന്‍ നടത്തി അപേക്ഷ നല്‍കണം. അപേക്ഷാഫീസ് 2000 രൂപ. ഓണ്‍ലൈനായി അടയ്ക്കാം. ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് ചാനല്‍ അപേക്ഷാ സമര്‍പ്പണ തീയതി പിന്നീട് പ്രഖ്യാപിക്കും.

Content Highlights: Graduation in IISER, apply now