ന്‍ജിനീയറിങ് അഭിരുചി വിലയിരുത്തപ്പെടുന്ന അന്താരാഷ്ട്രനിലവാരമുള്ള പരീക്ഷയാണ് ഗ്രാജുവേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനീയറിങ് എന്ന 'ഗേറ്റ്'2018. എന്‍ജിനീയറിങ്/ ആര്‍ക്കിടെക്ചര്‍ ബിരുദക്കാരുടെ ഭാവി നിര്‍ണയത്തില്‍ നിര്‍ണായകമായ പരീക്ഷ. ഉന്നത വിദ്യാഭ്യാസത്തിനും മികച്ച തൊഴില്‍ നേടാനും ഗേറ്റ് കടക്കണം.

ആര്‍ക്കൊക്കെ എഴുതാം

ഈ പരീക്ഷക്ക് വര്‍ഷംതോറും മാറ്റുകൂടുകയാണ്. പ്രമുഖ സ്ഥാപനങ്ങളില്‍ സ്‌കോളര്‍ഷിപ്പ്/അസിസ്റ്റന്റോടെ എന്‍ജിനീയറിങ് മാസ്റ്റര്‍ബിരുദം, ഡയറക്ട് പിഎച്ച്.ഡി. പഠനത്തിനും ചില ശാസ്ത്രവിഷയങ്ങളില്‍ ഗവേഷണത്തിനും ഗേറ്റ് സ്‌കോറാണ് പരിഗണിക്കുക. കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങള്‍ റിക്രൂട്ട്‌മെന്റിനും ഇതിലെ സ്‌കോര്‍ മാനദണ്ഡമാക്കുന്നു. ബി.ഇ./ബി.ടെക്./ബി.ആര്‍ക്., നാലുവര്‍ഷ ബി.എസ്, എം.എസ്‌സി.(മാത്തമാറ്റിക്‌സ്/സ്റ്റാറ്റിസ്റ്റിക്‌സ്/കംപ്യൂട്ടര്‍ ആപ്‌ളിക്കേഷന്‍) ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്‌സ്/ഡ്യുവല്‍ ഡിഗ്രി എന്‍ജിനീയറിങ്/ടെക്‌നോളജി, ഇന്റഗ്രേറ്റഡ് ബി.എസ്./എം.എസ്. യോഗ്യതയുള്ളവര്‍ക്കും ഫൈനല്‍ യോഗ്യതാപരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം.

 
കഴിഞ്ഞവര്‍ഷം എഴുതിയത് ഒന്‍പതു ലക്ഷം പേര്‍

2017ല്‍ ഒമ്പതുലക്ഷത്തോളം പേരാണ് പങ്കെടുത്തത്. നല്ല തയ്യാറെടുപ്പോടെ പരീക്ഷയെ നേരിടുന്നവര്‍ക്കേ മികച്ച ഗേറ്റ് സ്‌കോര്‍ നേടാനാവൂ. കംപ്യൂട്ടര്‍ അധിഷ്ഠിത ഓണ്‍ലൈന്‍ മാതൃകയിലുള്ള മോക്ക് ടെസ്റ്റുകള്‍ ഗേറ്റ് പോര്‍ട്ടലില്‍ത്തന്നെ ചെയ്ത് പരിശീലിക്കാം.  

പരീക്ഷ

ഓണ്‍ലൈന്‍ ടെസ്റ്റ് ഫെബ്രുവരി 3, 4, 10, 11 തീയതികളില്‍ നടക്കും. വെബ്‌പോര്‍ട്ടല്‍ സപ്തംബര്‍ ഒന്നിന് സജ്ജമാകും. ഒക്ടോബര്‍ അഞ്ചുവരെ അപേക്ഷിക്കാം. ഗേറ്റ്2018 സംഘാടകര്‍ എന്‍.ഐ.ടി. ഗുവാഹാട്ടിയാണ്. സ്‌കോറിന് മൂന്നുവര്‍ഷത്തെ പ്രാബല്യമുണ്ടായിരിക്കും.

പരീക്ഷയില്‍ ആകെ 23 പേപ്പറുണ്ടാവും. എയ്‌റോ സ്‌പേസ് എന്‍ജിനീയറിങ്, അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍ ആന്‍ഡ് പ്‌ളാനിങ്, ബയോടെക്‌നോളജി, സിവില്‍ എന്‍ജിനീയറിങ്, കെമിക്കല്‍ എന്‍ജിനീയറിങ്, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, കെമിസ്ട്രി, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്, ഇക്കോളജി മാത്തമാറ്റിക്‌സ്, മെക്കാനിക്കല്‍, െമെനിങ്, മെറ്റലര്‍ജിക്കല്‍, പെട്രോളിയം ടെക്‌സ്‌റ്റൈല്‍ എന്‍ജിനീയറിങ് ആന്‍ഡ് ഫൈബര്‍സയന്‍സ്, എന്‍ജിനീയറിങ് സയന്‍സ്, ലൈഫ് സയന്‍സ് എന്നിവയാവും പേപ്പറുകള്‍. ഇവയില്‍ ഏതെങ്കിലുമൊരു പേപ്പറില്‍ പരീക്ഷയെഴുതാം. ബിരുദപരീക്ഷയിലെ ഡിസിപ്‌ളിനോ ഉപരിപഠനമാഗ്രഹിക്കുന്ന വിഷയമോ 'ഗേറ്റ്' പേപ്പറായി തിരഞ്ഞെടുക്കാം.

സമയം 180 മിനിറ്റ്. മള്‍ട്ടിപ്പിള്‍ ചോയ്‌സ് മാതൃകയിലുള്ള ഒരു മാര്‍ക്കിന്റെ ചോദ്യത്തിന് ഉത്തരം തെറ്റിയാല്‍ 1/3 മാര്‍ക്കും രണ്ടുമാര്‍ക്കിന്റെ ചോദ്യത്തിന് ഉത്തരം തെറ്റിയാല്‍ 2/3 മാര്‍ക്കും കുറയ്ക്കും. അതേസമയം, ചോയ്‌സില്ലാത്ത ന്യൂമെറിക്കല്‍ രീതിയില്‍ ഉത്തരം കണ്ടെത്തേണ്ട ചോദ്യങ്ങള്‍ക്ക് ഉത്തരം തെറ്റിയാല്‍ നെഗറ്റീവ് മാര്‍ക്കുണ്ടാവില്ല. ആകെ 100 മാര്‍ക്കിനാണ് പരീക്ഷ. കാല്‍ക്കുലേറ്ററും ടൈമറും കംപ്യൂട്ടര്‍ സ്‌ക്രീനിലുണ്ടാവും.  

വിവരങ്ങള്‍ക്ക്: www.gate.iitg.ac.in