​കോഡിങ് മേഖലയില്‍ താത്പര്യമുള്ളവര്‍ക്ക് നൈപുണികള്‍ മെച്ചപ്പെടുത്തുവാന്‍ അവസരമൊരുക്കുന്ന കോഡിങ് മത്സരം ഗൂഗിള്‍ പ്രഖ്യാപിച്ചു. ഓണ്‍ലൈനായുള്ള മത്സര റൗണ്ടുകളില്‍ കൂടിയാണ് പങ്കെടുക്കാന്‍ അവസരം ലഭിക്കുക.

കരിയര്‍ സ്വപ്നം

ഗൂഗിള്‍ എന്‍ജിനിയര്‍മാര്‍ വികസിപ്പിച്ചെടുത്ത വ്യത്യസ്ത അല്‍ഗരിതമിക് ചലഞ്ചുകളാണ് മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള മത്സരത്തില്‍ ഉണ്ടാവുക. മത്സരത്തില്‍ പങ്കെടുക്കുക വഴി, ഗൂഗിളില്‍ ഒരു കരിയറില്‍ താത്പര്യമുള്ളവര്‍ക്ക് അതിനുവേണ്ട സാങ്കേതിക നൈപുണികള്‍ സംബന്ധിച്ച തിരിച്ചറിവ് ലഭിക്കുന്നു. മത്സരത്തില്‍ മുന്നിലെത്തുന്നവര്‍ക്ക് ഗൂഗിളില്‍ ഒരു മുഖാമുഖത്തിനുള്ള അവസരവും ലഭിച്ചേക്കാം. പങ്കെടുക്കാന്‍ മുന്‍ യോഗ്യതയൊന്നും നിര്‍ബന്ധമില്ല.

മത്സരങ്ങള്‍

അടുത്ത റൗണ്ട് മത്സരം ജൂലായ് 11-ന് അഞ്ച് മുതല്‍ എട്ട് വരെ ആയിരിക്കും. തുടര്‍ന്നുള്ള മത്സരങ്ങള്‍ ഓഗസ്റ്റ് 22-ന് 3.30-ന്, സെപ്റ്റംബര്‍ 18-ന് 17.00-ന്, ഒക്ടോബര്‍ 16-ന് 12-ന്, നവംബര്‍ 14-ന്, മൂന്നിന്. സമയമെല്ലാം യു.ടി.സി. പ്രകാരമാണ് (യു.ടി.സി. സമയം മനസ്സിലാക്കി പങ്കെടുക്കുന്ന സ്ഥലത്തിന്/രാജ്യത്തിന് ബാധകമായ സമയത്ത് മത്സരത്തില്‍ പങ്കെടുക്കണം).

മത്സരാര്‍ഥികള്‍ക്ക് സൗകര്യപ്രദമായ സമയത്തെ കോഡിങ് മത്സരത്തില്‍ പങ്കെടുക്കാം. ഓരോ കിക്ക് സ്റ്റാര്‍ട്ട് റൗണ്ടിലും ആര്‍ക്കും പങ്കെടുക്കാം. ഏതെങ്കിലും ഒന്നിലോ എല്ലാറ്റിലുമോ ഒരാള്‍ക്ക് പങ്കെടുക്കാം. മത്സരത്തില്‍ ഒന്നോ കൂടുതലോ റൗണ്ടുകള്‍ ഉണ്ടാകും. ഓരോ റൗണ്ടിലും ഒന്നോ കൂടുതലോ പ്രോബ്‌ളംസ് ഉണ്ടായേക്കാം. ഓരോന്നിനും നല്‍കുന്ന ഉത്തരം അടിസ്ഥാനമാക്കി മാര്‍ക്ക് ലഭിക്കും. മത്സരം, ഘട്ടങ്ങളായി മുന്നോട്ടുപോകുന്ന രീതിയില്‍ ആണെങ്കില്‍ ഒരു നിശ്ചിത കട്ട്ഓഫ് നേടുകയോ മുന്നിലെത്തുന്ന നിശ്ചിത എണ്ണം മത്സരാര്‍ഥികളില്‍ ഒരാളാവുകയോ ചെയ്താല്‍ മുന്നോട്ടുപോകും. വിശദമായ ഘടന https://coding competitions.withgoogle.com/terms ല്‍ ലഭിക്കും.

രജിസ്‌ട്രേഷന്‍

ഗൂഗിള്‍ അക്കൗണ്ടു വേണം. ആദ്യം https://codingcompetitions.withgoogle.com/kickstart ല്‍ ഒരു കോണ്ടസ്റ്റ് പ്രൊഫൈല്‍ രൂപപ്പെടുത്തണം. തുടര്‍ന്ന് മത്സരത്തിന് രജിസ്റ്റര്‍ ചെയ്യാം. ബാധകമായ കോണ്ടസ്റ്റ് വെബ്‌സൈറ്റ് വഴിയോ കോണ്ടസ്റ്റ് പ്രൊഫൈല്‍ ഉപയോഗിച്ചോ അപേക്ഷകന്റെ കോണ്ടസ്റ്റ് രജിസ്‌ട്രേഷനുകളില്‍ എത്താം.

Content Highlights: Google Starts Kick Start Coding Competition