രാജ്യത്തെ 57 മുൻനിര സ്ഥാപനങ്ങളിലെ എൻജിനിയറിങ്, ആർക്കിടെക്ചർ, പ്ലാനിങ് പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം പ്രവേശനത്തിനായി നടത്തുന്ന സെൻട്രലൈസ്ഡ് കൗൺസലിങ് ഫോർ അഡ്മിഷൻ ടു എം. ടെക്./എം. ആർക്ക്/ എം. പ്ലാൻ (സി.സി.എം.ടി.) രജിസ്ട്രേഷൻ ജൂൺ 28 വരെ നടത്താം.

31 എൻ.ഐ.ടി.കൾ, 11 ഐ.ഐ.ഐ.ടി.കൾ, 15 ഗവണ്മെന്റ് ഫണ്ടഡ് ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ (ജി.എഫ്.ടി.ഐ.) എന്നിവയിലെ പ്രോഗ്രാമുകളാണ് ഇതിന്റെ പരിധിയിൽ വരുന്നത്. സ്ഥാപനങ്ങളുടെ പൂർണ പട്ടിക/ കോഴ്സുകൾ എന്നിവ https://ccmt.nic.in-ലുണ്ട്. പാർട്ട്ടൈം പ്രോഗ്രാമുകളിലെയും സ്പോൺസേഡ് സീറ്റുകളിലെയും പ്രവേശനം ഈ പ്രക്രിയയുടെ പരിധിയിൽ വരില്ല.

അപേക്ഷാർഥിക്ക് 2019/ 2020/2021 വർഷത്തെ സാധുവായ ഗേറ്റ് സ്കോർ വേണം. യോഗ്യതാ പ്രോഗ്രാമിന് സി.ജി.പി.എ. 6.5/60 ശതമാനം മാർക്ക് (പട്ടികജാതി/വർഗ/ഭിന്നശേഷി വിഭാഗക്കാർക്ക് 6.0/55 ശതമാനം) വേണം. യോഗ്യതാ പ്രോഗ്രാമിന്റെ അന്തിമഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ഓരോ സ്ഥാപനത്തിലെയും ഓരോ പ്രോഗ്രാമിലെയും പ്രവേശനയോഗ്യത https://ccmt.nic.in ൽ ലഭിക്കും.

കോഴിക്കോട് എൻ.ഐ.ടി.യിൽ ആർക്കിടെക്ചർ ആൻഡ് പ്ലാനിങ് (എം.പ്ലാൻ), സിവിൽ, കെമിക്കൽ, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, മെറ്റീരിയൽ സയൻസ് ആൻഡ് എൻജിനിയറിങ് (എം.ടെക്.) എന്നീ വകുപ്പുകളിൽ പ്രോഗ്രാമുകൾ ലഭ്യമാണ്.

ഗേറ്റ് സ്കോർ പരിഗണിച്ചാണ് റാങ്ക് പട്ടിക തയ്യാറാക്കുക. അർഹതയ്ക്കു വിധേയമായി താത്‌പര്യമുള്ള സ്ഥാപനങ്ങൾക്കും കോഴ്സുകൾക്കും ചോയ്സ് നൽകാം. ഓൺലൈൻ രജിസ്ട്രേഷൻ, ഫീസ് അടയ്ക്കൽ, ചോയ്സ് ഫില്ലിങ്, ചോയ്സ് ലോക്കിങ് എന്നിവ 28-ന് വൈകീട്ട് അഞ്ചുമണി വരെ https://ccmt.nic.in വഴി നടത്താം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.

Content Highlights: GATE CCMT PG Allotment Apply now