ൻജിനീയറിങ്‌ അഭിരുചി വിലയിരുത്തപ്പെടുന്ന അന്താരാഷ്ട്രനിലവാരമുള്ള പരീക്ഷയാണ്‌ ഗ്രാജുവേറ്റ്‌ ആപ്‌റ്റിറ്റ്യൂഡ്‌ ടെസ്റ്റ്‌ ഇൻ എൻജിനീയറിങ്‌ എന്ന ‘ഗേറ്റ്‌’. എൻജിനീയറിങ്‌/ ആർക്കിടെക്‌ചർ ബിരുദക്കാരുടെ ഭാവി നിർണയത്തിൽ നിർണായകമായ പരീക്ഷ. ഉന്നത വിദ്യാഭ്യാസത്തിനും മികച്ച തൊഴിൽ നേടാനും ഗേറ്റ് കടക്കണം.

ആർക്കൊക്കെ എഴുതാം
ഈ പരീക്ഷക്ക് വർഷംതോറും മാറ്റുകൂടുകയാണ്‌. പ്രമുഖ സ്ഥാപനങ്ങളിൽ സ്കോളർഷിപ്പ്‌/അസിസ്റ്റന്റോടെ എൻജിനീയറിങ്‌ മാസ്റ്റർബിരുദം, ഡയറക്ട്‌ പിഎച്ച്‌.ഡി. പഠനത്തിനും ചില ശാസ്ത്രവിഷയങ്ങളിൽ ഗവേഷണത്തിനും ഗേറ്റ്‌ സ്കോറാണ് പരിഗണിക്കുക. കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങൾ റിക്രൂട്ട്‌മെന്റിനും ഇതിലെ സ്കോർ മാനദണ്ഡമാക്കുന്നു. ബി.ഇ./ബി.ടെക്‌./ബി.ആർക്‌., നാലുവർഷ ബി.എസ്‌, എം.എസ്‌സി.(മാത്തമാറ്റിക്സ്‌/സ്റ്റാറ്റിസ്റ്റിക്സ്‌/കംപ്യൂട്ടർ ആപ്ളിക്കേഷൻ) ഇന്റഗ്രേറ്റഡ്‌ മാസ്റ്റേഴ്‌സ്‌/ഡ്യുവൽ ഡിഗ്രി എൻജിനീയറിങ്‌/ടെക്‌നോളജി, ഇന്റഗ്രേറ്റഡ്‌ ബി.എസ്‌./എം.എസ്‌. യോഗ്യതയുള്ളവർക്കും ഫൈനൽ യോഗ്യതാപരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം.

കഴിഞ്ഞവർഷം എഴുതിയത് 9 ലക്ഷം
2017-ൽ ഒമ്പതുലക്ഷത്തോളം പേരാണ്‌ പങ്കെടുത്തത്‌. നല്ല തയ്യാറെടുപ്പോടെ പരീക്ഷയെ നേരിടുന്നവർക്കേ മികച്ച ഗേറ്റ്‌ സ്കോർ നേടാനാവൂ. കംപ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ മാതൃകയിലുള്ള മോക്ക്‌ ടെസ്റ്റുകൾ ഗേറ്റ്‌ പോർട്ടലിൽത്തന്നെ ചെയ്ത് പരിശീലിക്കാം.  

പരീക്ഷ
ഓൺലൈൻ ടെസ്റ്റ്‌ ഫെബ്രുവരി 3, 4, 10, 11 തീയതികളിൽ നടക്കും. വെബ്‌പോർട്ടൽ സപ്തംബർ ഒന്നിന്‌ സജ്ജമാകും. ഒക്ടോബർ അഞ്ചുവരെ അപേക്ഷിക്കാം. ഗേറ്റ്‌-2018 സംഘാടകർ എൻ.ഐ.ടി. ഗുവാഹാട്ടിയാണ്‌. സ്കോറിന്‌ മൂന്നുവർഷത്തെ പ്രാബല്യമുണ്ടായിരിക്കും. പരീക്ഷയിൽ ആകെ 23 പേപ്പറുണ്ടാവും.

എയ്‌റോ സ്പേസ്‌ എൻജിനീയറിങ്‌, അഗ്രികൾച്ചറൽ എൻജിനീയറിങ്‌, ആർക്കിടെക്‌ചർ ആൻഡ്‌ പ്ളാനിങ്‌, ബയോടെക്‌നോളജി, സിവിൽ എൻജിനീയറിങ്‌, കെമിക്കൽ എൻജിനീയറിങ്‌, കംപ്യൂട്ടർ സയൻസ്‌ ആൻഡ്‌ ഇൻഫർമേഷൻ ടെക്‌നോളജി, കെമിസ്‌ട്രി, ഇലക്‌ട്രോണിക്സ്‌ ആൻഡ്‌ കമ്യൂണിക്കേഷൻ, ഇലക്‌ട്രിക്കൽ എൻജിനീയറിങ്‌, ഇക്കോളജി മാത്തമാറ്റിക്സ്‌, മെക്കാനിക്കൽ, െമെനിങ്‌, മെറ്റലർജിക്കൽ, പെട്രോളിയം ടെക്‌സ്റ്റൈൽ എൻജിനീയറിങ്‌ ആൻഡ്‌ ഫൈബർസയൻസ്‌, എൻജിനീയറിങ്‌ സയൻസ്‌, ലൈഫ്‌ സയൻസ്‌ എന്നിവയാവും പേപ്പറുകൾ. ഇവയിൽ ഏതെങ്കിലുമൊരു പേപ്പറിൽ പരീക്ഷയെഴുതാം. ബിരുദപരീക്ഷയിലെ ഡിസിപ്ളിനോ ഉപരിപഠനമാഗ്രഹിക്കുന്ന വിഷയമോ ‘ഗേറ്റ്‌’ പേപ്പറായി തിരഞ്ഞെടുക്കാം.

സമയം 180 മിനിറ്റ്‌. മൾട്ടിപ്പിൾ ചോയ്‌സ്‌ മാതൃകയിലുള്ള ഒരു മാർക്കിന്റെ ചോദ്യത്തിന്‌ ഉത്തരം തെറ്റിയാൽ 1/3 മാർക്കും രണ്ടുമാർക്കിന്റെ ചോദ്യത്തിന്‌ ഉത്തരം തെറ്റിയാൽ 2/3 മാർക്കും കുറയ്ക്കും. അതേസമയം, ചോയ്‌സില്ലാത്ത ന്യൂമെറിക്കൽ രീതിയിൽ ഉത്തരം കണ്ടെത്തേണ്ട ചോദ്യങ്ങൾക്ക്‌ ഉത്തരം തെറ്റിയാൽ നെഗറ്റീവ്‌ മാർക്കുണ്ടാവില്ല. ആകെ 100 മാർക്കിനാണ്‌ പരീക്ഷ. കാൽക്കുലേറ്ററും ടൈമറും കംപ്യൂട്ടർ സ്‌ക്രീനിലുണ്ടാവും.  

വിവരങ്ങള്‍ക്ക്: www.gate.iitg.ac.in