യോടെക്‌നോളജി മേഖലയിലെ ഉന്നതപഠനത്തിനും ഗവേഷണത്തിനും പ്രവേശന അര്‍ഹത നിര്‍ണയിക്കാന്‍ നടത്തുന്ന രണ്ടു പരീക്ഷകള്‍ക്ക് ജൂലായ് 31 വരെ അപേക്ഷിക്കാം. കേന്ദ്ര ബയോടെക്‌നോളജി വകുപ്പിന്റെ (ഡി.ബി.ടി.) സഹായത്തോടെ വിവിധ സര്‍വകലാശാലകളിലും സ്ഥാപനങ്ങളിലും ബയോടെക്‌നോളജി അനുബന്ധ മേഖലകളിലെ പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം പ്രവേശനത്തിനാണ് ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്- ബയോടെക്‌നോളജി (ഗാറ്റ്-ബി) നടത്തുന്നത്. പരീക്ഷയുടെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങളിലെ ബയോടെക്‌നോളജി, അനുബന്ധ മേഖലകളിലെ എം.എസ്സി./എം.ടെക്., അഗ്രിക്കള്‍ച്ചറല്‍ ബയോടെക്‌നോളജി എം.എസ്സി., ആനിമല്‍ ബയോടെക്‌നോളജി എം.വി.എസ്സി. എന്നീ പ്രോഗ്രാമുകളിലേക്ക് ഇതുവഴി പ്രവേശനം നേടാം.

പരീക്ഷയുടെ പരിധിയില്‍ വരുന്ന കേരളത്തിലെ സ്ഥാപനങ്ങളും പ്രോഗ്രാമുകളും: കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല (എം.ടെക്. മറൈന്‍ ബയോടെക്‌നോളജി), കേരള കാര്‍ഷിക സര്‍വകലാശാല, തൃശ്ശൂര്‍ (എം.എസ്സി. അഗ്രിക്കള്‍ച്ചറല്‍ ബയോടെക്‌നോളജി), രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി, തിരുവനന്തപുരം (എം.എസ്സി. ബയോടെക്‌നോളജി).

പ്രവേശനയോഗ്യത സ്ഥാപനത്തിനും കോഴ്‌സിനും അനുസരിച്ചാണ്. വിശദാംശങ്ങള്‍ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനില്‍ ഉണ്ട്. പ്രോഗ്രാമിനനുസരിച്ച് 5000 രൂപ മുതല്‍ 12,000 രൂപവരെ മാസം സ്‌റ്റൈപ്പെന്‍ഡ് കിട്ടും.

* ബയോടെക്‌നോളജിയിലെ ഗവേഷണത്തിന് നല്‍കുന്ന ഡി.ബി.ടി.- ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് (ജെ.ആര്‍.എഫ്.) അര്‍ഹത നിര്‍ണയ പരീക്ഷയാണ് ബയോടെക്‌നോളജി എലിജിബിലിറ്റി ടെസ്റ്റ് (ബറ്റ്). അപേക്ഷകര്‍ക്ക് ബയോടെക്‌നോളജി, ലൈഫ് സയന്‍സസ് എന്നിവയിലെ ഏതെങ്കിലും വിഷയത്തിലോ ബയോളജി അനുബന്ധ മേഖലകളില്‍ ഒന്നിലോ ബാച്ചിലര്‍ ബിരുദവും (ബി.ഇ./ബി.ടെക്.) മാസ്റ്റേഴ്‌സ് ബിരുദവും (എം.എസ്സി./എം.ടെക്./ എം.വി.എസ്സി./ഇന്റഗ്രേറ്റഡ് എം.എസ്സി./എം.ടെക്.) വേണം. ഡി.ബി.ടി. പി.ജി. ടീച്ചിങ് പ്രോഗ്രാമില്‍ (എം.എസ്സി./എം.ടെക്./ എം.വി.എസ്.സി./എം.എസ്സി. (അഗ്രി).) പ്രവേശനം നേടിയവര്‍, യോഗ്യതാ പ്രോഗ്രാം അന്തിമപരീക്ഷ എഴുതാന്‍ പോകുന്നവര്‍, ഫലം കാത്തിരിക്കുന്നവര്‍ എന്നിവര്‍ക്കും അപേക്ഷിക്കാം. പരമാവധി പ്രായം 28.

* ഗാറ്റ്-ബി ഓഗസ്റ്റ് 14 രാവിലെ ഒമ്പതുമുതല്‍ 12 വരെയും ബറ്റ് അന്ന് ഉച്ചയ്ക്ക് മൂന്നുമുതല്‍ ആറുവരെയും നടത്തും. പരീക്ഷാ ഘടന ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനിലുണ്ട്. കേരളത്തില്‍ തിരുവനന്തപുരം, തൃശ്ശൂര്‍ എന്നിവ പരീക്ഷാ കേന്ദ്രങ്ങളാണ്.

അപേക്ഷ ജൂലായ് 31 വൈകീട്ട് അഞ്ചുവരെ https://dbt.nta.ac.in വഴി നല്‍കാം. അപേക്ഷാഫീസ് അന്ന് രാത്രി 11.50 വരെ ഓണ്‍ലൈന്‍ ആയി അടയ്ക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് https://rcb.res.in കാണുക.

Content Highlights: GAT-B, BAT apply now