യുവഗവേഷകര്‍ക്ക് കാലാവസ്ഥാവ്യതിയാന മേഖലയുമായി ബന്ധപ്പെട്ട പ്രമേയങ്ങളിന്മേല്‍ മുഴുവന്‍സമയ ഗവേഷണം നടത്തുന്നതിന് കേരള സര്‍ക്കാരിന്റെ ഡയറക്ടറേറ്റ് ഓഫ് എന്‍വയോണ്‍മെന്റ് ആന്‍ഡ് ക്ലൈമറ്റ്‌ചേഞ്ച് പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പുകള്‍ പ്രഖ്യാപിച്ചു.

കാലാവസ്ഥാവ്യതിയാനത്തിന്റെ സാമൂഹിക സാമ്പത്തിക വശങ്ങള്‍, വ്യത്യസ്തമേഖലകളിലെ അതിന്റെ പ്രഭാവം, അപകടസാധ്യതകളുടെ വിലയിരുത്തല്‍ തുടങ്ങിയവയൊക്കെ പഠനവിധേയമാക്കാം.

അപേക്ഷകര്‍ 40 വയസ്സില്‍താഴെയുള്ള പിഎച്ച്.ഡി. ബിരുദധാരികളാകണം. സയന്‍സ് സൈറ്റേഷന്‍ ഇന്‍ഡക്‌സ്ഡ് ജേണലുകളില്‍ രണ്ടു ഗവേഷണപ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുകയോ ഒരു പേറ്റന്റ് ഉണ്ടായിരിക്കുകയോ വേണം. ഗവേഷണമേല്‍നോട്ടത്തിന് നിശ്ചിതവ്യവസ്ഥകള്‍ തൃപ്തിപ്പെടുത്തുന്ന മെന്ററെ കണ്ടെത്തണം. വിശദാംശങ്ങള്‍ https://envt.kerala.gov.inല്‍ ലഭിക്കും.

വികസനസഹായധനം ലഭിക്കാനര്‍ഹതയുള്ള സംസ്ഥാനത്തെ സര്‍വകലാശാലകളിലെയോ സ്ഥാപനങ്ങളിലെയോ മെഡിക്കല്‍, എന്‍ജിനിയറിങ് സയന്‍സസ് ഉള്‍പ്പെടെയുള്ള സയന്‍സ്/സോഷ്യല്‍ സയന്‍സസ് വകുപ്പുകളില്‍ ഗവേഷണം നടത്താം.

ആദ്യവര്‍ഷം 38,500 രൂപയും രണ്ടാംവര്‍ഷം 41,500 രൂപയും മൂന്നാംവര്‍ഷം 46,500 രൂപയും പ്രതിമാസം ലഭിക്കും.

കൂടാതെ, പത്തു ശതമാനം വീട്ടുവാടക ബത്തയും. വര്‍ഷം കണ്ടിന്‍ജന്‍സി ഗ്രാന്റ് 50,000 രൂപ, ട്രാവല്‍ ഗ്രാന്റ് 20,000 രൂപ. അപേക്ഷാഫോറം envt.kerala.gov.inല്‍നിന്ന് ഡൗണ്‍ലോഡുചെയ്യാം. പൂരിപ്പിച്ച അപേക്ഷയും അനുബന്ധരേഖകളും നവംബര്‍ 25നകം തിരുവനന്തപുരത്തുള്ള ഡയറക്ടറേറ്റില്‍ ലഭിക്കണം.

Content Highlights: Full-time research in climate change studies