ന്‍ജിനിയറിങ് വിദ്യാര്‍ഥികളുടെ അഭിരുചിയും മികവും അളക്കാനും വ്യാവസായിക നൈപുണി മെച്ചപ്പെടുത്താനും ലക്ഷ്യമിടുന്ന ഇന്‍ഡസ്ട്രിയല്‍ പ്രൊഫിഷ്യന്‍സി ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഫോര്‍ എന്‍ജിനിയേഴ്‌സിന് (ഐപാറ്റ്) അപേക്ഷിക്കാം

മികവ് അറിയാം

കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സി.ഐ.ഐ.) ആവിഷ്‌കരിച്ച ഈ പദ്ധതി വഴി വ്യവസായ മേഖലയ്ക്ക് നൈപുണിയുള്ള, തൊഴില്‍ ചെയ്യാന്‍ പ്രാപ്തരായ വ്യക്തികളുടെ വിവരങ്ങള്‍ തയ്യാറാക്കുന്നു. തൊഴില്‍ തേടുന്നവര്‍ നിര്‍ബന്ധമായും അഭിമുഖീകരിക്കേണ്ട ഒരു പരീക്ഷയല്ലിത്. തൊഴില്‍ റിക്രൂട്ട്‌മെന്റ്് പരീക്ഷയുമല്ല. തങ്ങളുടെ മികവ് വ്യവസായമേഖല തിരിച്ചറിയണമെന്നുള്ളവര്‍ക്ക് അഭിമുഖീകരിക്കാം.

ഇവര്‍ക്ക് പങ്കെടുക്കാം

നാല് വര്‍ഷ ബി.ഇ./ബി.ടെക്., എന്‍ജിനിയറിങ്/ടെക്‌നോളജി ഡിപ്ലോമ; ബി.എസ്‌സി. കഴിഞ്ഞുനേടിയ ത്രിവത്സര ബി.ഇ./ബി.ടെക്.; ബി.ആര്‍ക്. (അഞ്ചുവര്‍ഷം); ബി.ടെക്. നേവല്‍ ആര്‍ക്കിടെക്ചര്‍ (നാലുവര്‍ഷം); ബി.പ്ലാനിങ് (നാലുവര്‍ഷം); എം.എച്ച്.ആര്‍.ഡി./യു.പി.എസ്.സി./എ.ഐ.സി.ടി.ഇ. തുടങ്ങിയവ, ബി.ഇ./ബി.ടെക്./ബി.ആര്‍ക്. എന്നിവയ്ക്ക് തത്തുല്യമെന്ന് അംഗീകരിച്ചിട്ടുള്ള പ്രൊഫഷണല്‍ സൊസൈറ്റി യോഗ്യത. എം.ഇ./എം.ടെക്./തത്തുല്യം; പിഎച്ച്.ഡി./തത്തുല്യം; ഉയര്‍ന്ന യോഗ്യത ഇതിലൊന്ന് ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഈകോഴ്‌സുകളിലെ അന്തിമ/പ്രീഫൈനല്‍ വിദ്യാര്‍ഥികള്‍ക്കും പ്രവൃത്തിപരിചയം (എത്ര തന്നെയായാലും) ഉള്ള എന്‍ജിനിയര്‍മാര്‍ എന്നിവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധിയില്ല

പരീക്ഷാഘടന

മൂന്നുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള കംപ്യൂട്ടര്‍ അടിസ്ഥാനമാക്കിയ പരീക്ഷ ആയിരിക്കും. ഒരു മാര്‍ക്കു വീതമുള്ള 100 മള്‍ട്ടിപ്പിള്‍ ചോയ്‌സ്, ന്യൂമറിക്കല്‍ ആന്‍സര്‍ ടൈപ്പ് ചോദ്യങ്ങള്‍. ഉത്തരം തെറ്റിയാല്‍ അര മാര്‍ക്ക് വീതം നഷ്ടപ്പെടും. ചോദ്യങ്ങള്‍ മൂന്നു ഭാഗങ്ങളില്‍:

I. കൊഗ്‌നിറ്റീവ് സ്‌കില്‍സ് (20 ചോദ്യങ്ങള്‍) ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, അനലിറ്റിക്കല്‍ റീസണിങ്, ഡേറ്റ ഇന്റര്‍പ്രറ്റേഷന്‍, ഇംഗ്ലീഷ് കമ്യൂണിക്കേഷന്‍. 

ഭാഗം II. പ്രൊഫഷണല്‍ എബിലിറ്റീസ് (20) പ്രോജക്ട് മാനേജ്‌മെന്റ്, ഹെല്‍ത്ത് സേഫ്റ്റി ആന്‍ഡ് റിസ്‌ക് മാനേജ്‌മെന്റ്, എന്‍വയോണ്‍മെന്റല്‍ നിയമങ്ങള്‍, സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ആന്‍ഡ് എത്തിക്‌സ്, ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ട്‌സ്, ലീഗല്‍ കോണ്‍ട്രാക്ട്‌സ് ആന്‍ഡ് ആര്‍ബിട്രേഷന്‍.

III. (എ): ടെക്‌നിക്കല്‍ എബിലിറ്റീസ് (10) ഫിസിക്‌സ്, കെമിസ്ട്രി പ്ലസ്ടു നിലവാരമുള്ളവ. 

ഭാഗം III. (ബി): ടെക്‌നിക്കല്‍ എബിലിറ്റീസ് (50) എന്‍ജിനിയറിങ് വിഷയങ്ങളിലെ ചോദ്യങ്ങള്‍ ഏറോസ്‌പേസ്, അഗ്രിക്കള്‍ച്ചറല്‍, ആര്‍ക്കിടെക്ചറല്‍ ആന്‍ഡ് പ്ലാനിങ്, ബയോമെഡിക്കല്‍, ബയോടെക്‌നോളജി, കെമിക്കല്‍, സിവില്‍, കംപ്യൂട്ടര്‍, ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, ഇന്‍സ്ട്രുമെന്റേഷന്‍, ഫുഡ് ടെക്‌നോളജി, മെക്കാനിക്കല്‍, മെറ്റല്ലര്‍ജിക്കല്‍, മൈനിങ്, പെട്രോളിയം, പ്രൊഡക്ഷന്‍, ടെക്‌സ്‌റ്റൈല്‍ എന്‍ജിനിയറിങ്. ഒന്നില്‍നിന്നും ഉത്തരം നല്‍കണം.

യോഗ്യതയ്ക്ക് മൊത്തം 30 ശതമാനം മാര്‍ക്ക് നേടണം. സെക്ഷണല്‍ കട്ട് ഓഫ് ഇല്ല. ഐപാറ്റ് സ്‌കോറിന് മൂന്ന് വര്‍ഷത്തെ സാധുതയുണ്ട്. എത്രതവണ വേണമെങ്കിലും ഒരാള്‍ക്ക് ഐപാറ്റ് അഭിമുഖീകരിക്കാം.

അപേക്ഷ

അപേക്ഷ www.ipate.in വഴി നല്‍കാം. അവസാന തീയതി പ്രഖ്യാപിച്ചിട്ടില്ല. കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങള്‍: കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശ്ശൂര്‍. പരീക്ഷ, സെപ്റ്റംബറില്‍ നടത്തിയേക്കും.

Content Highlights: Engineering students can take IPAT test, Aptitude test