പ്രതിരോധമേഖലയിലും ഏറോസ്‌പേസ് സാങ്കേതിക മേഖലയിലും പ്രാവര്‍ത്തികമാക്കാനുള്ള നൂതന ആശയങ്ങള്‍ മുന്നോട്ടുവെക്കാവുന്ന മത്സരത്തിലേക്ക് ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡി.ആര്‍.ഡി.ഒ.) എന്‍ട്രികള്‍ ക്ഷണിച്ചു.

സ്വശ്രയശീലം എന്ന കാഴ്ചപ്പാട് വെച്ചുപുലര്‍ത്തിയിരുന്ന ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിന്റെ അഞ്ചാം ചരമവാര്‍ഷികദിനത്തില്‍ പ്രഖ്യാപിച്ച 'ഡെയര്‍ ടു ഡ്രീം 2.0' മത്സരം, പ്രധാനമന്ത്രി മുന്നോട്ടുവെച്ച 'ആത്മ നിര്‍ഭര്‍ ഭാരത്' എന്ന ആശയത്തിന്റെ ചുവടുപിടിച്ചാണ് ഡി.ആര്‍.ഡി.ഒ. നടത്തുന്നത്. പ്രതിരോധമേഖലയിലെ മികവ് മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്. രാജ്യത്തെ ഇന്നൊവേറ്റര്‍മാര്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവരിലൂടെ ഈ മേഖലയിലേക്കുള്ള നൂതന ആശയങ്ങളാണ് പ്രതീക്ഷിക്കുന്നത്.

മത്സരമേഖലകള്‍

ആര്‍മമെന്റ് ടെക്‌നോളജി, ഇലക്ട്രോണിക്‌സ് ടെക്‌നോളജി, മൈക്രോ ടെക്‌നോളജി ആന്‍ഡ് സൈബര്‍ സെക്യുരിറ്റി, നേവല്‍ ടെക്‌നോളജി, സിസ്റ്റം മോഡലിങ് ആന്‍ഡ് അനാലിസിസ്, ലൈഫ് സയന്‍സ് ടെക്‌നോളജി, ഏറോനോട്ടിക്കല്‍ ടെക്‌നോളജി, ഏറോസ്‌പേസ് എന്‍ജിനിയറിങ് തുടങ്ങിയ വിശാലമായ ശാസ്ത്ര-സാങ്കേതിക മേഖലകളില്‍ എന്‍ട്രികള്‍ നല്‍കാം.

രണ്ടു വിഭാഗത്തിലാണ് മത്സരം. വ്യക്തിയായി പങ്കെടുക്കുന്നെങ്കില്‍ 18-ല്‍ കൂടുതലാണ് പ്രായം. സ്റ്റാര്‍ട്ടപ്പ് എങ്കില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ പ്രമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് (ഡി.പി.ഐ. ഐ.ടി.) അംഗീകാരമുള്ളതാകണം.

അപേക്ഷ drdo.res.in/kalamdb/portal/kalam.html വഴി നല്‍കാം. ഒരാള്‍ക്ക് ഒരു വിഭാഗത്തിലേ പങ്കെടുക്കാന്‍ കഴിയൂ. സ്റ്റാര്‍ട്ടപ്പ് ഉള്ള വ്യക്തിക്ക് രണ്ടിലും അപേക്ഷിക്കാം. പരമാവധി അഞ്ച് മേഖലകളുമായി ബന്ധപ്പെട്ട എന്‍ട്രികള്‍ നല്‍കാം. ഓരോ എന്‍ട്രിക്കൊപ്പവും 200 വാക്കില്‍ ഒരു കുറിപ്പ് നല്‍കണം. കൂടുതല്‍ വിവരങ്ങള്‍/വിശദാംശങ്ങള്‍ പി.ഡി.എഫ്. ഫോര്‍മാറ്റില്‍ (2 എം.ബി.യില്‍ താഴെ) നല്‍കാം.

വ്യക്തി വിഭാഗത്തില്‍ യഥാക്രമം അഞ്ചുലക്ഷം രൂപ, നാലുലക്ഷം രൂപ, മൂന്നുലക്ഷം രൂപ എന്നിങ്ങനെയാണ് ആദ്യ മൂന്നു സമ്മാനങ്ങള്‍. സ്റ്റാര്‍ട്ടപ്പ് വിഭാഗത്തില്‍ ഇത് 10 ലക്ഷം, എട്ടുലക്ഷം, ആറുലക്ഷം എന്നിങ്ങനെയാണ്. മത്സരത്തിലേക്ക് എന്‍ട്രികള്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 15 ആണ്.

Content Highlights: DRDO Dare to Dream Competition; submit entries by 15 October