ന്യൂഡല്‍ഹി: കേന്ദ്ര സര്‍വകലാശാലകളില്‍ പ്രവേശനത്തിന് പൊതു പ്രവേശനപരീക്ഷ വരുന്നു. 41 സര്‍വകലാശാലകളില്‍ ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ആദ്യത്തെ പരീക്ഷ ഈ ജൂണില്‍ നടത്തും. 'കുസെറ്റ്' (സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ്) എന്ന പേരില്‍ നടത്തുന്ന പരീക്ഷ ഓണ്‍ലൈനായിരിക്കും.

വര്‍ഷത്തില്‍ രണ്ടുതവണ പരീക്ഷ നടത്തണമെന്ന് ഇതേക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച സമിതി ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, ഇക്കൊല്ലം ഒറ്റത്തവണയേ പരീക്ഷ നടത്താന്‍ സാധ്യതയുള്ളൂ. ജൂലായില്‍ ഫലം പ്രസിദ്ധീകരിക്കും. നിലവില്‍ ഏതാനും യൂണിവേഴ്‌സിറ്റികള്‍ ചേര്‍ന്ന് പ്രവേശന പരീക്ഷ നടത്തുന്നുണ്ട്. എന്നാല്‍, എല്ലാ സര്‍വകലാശാലകള്‍ക്കുംവേണ്ടി ദേശീയതലത്തിലുള്ള പരീക്ഷ ഇതാദ്യമാണ്.

കുസെറ്റിന് രണ്ടു ഭാഗങ്ങളുണ്ടായിരിക്കും. ആദ്യ പേപ്പര്‍ പൊതുഅഭിരുചിയും പൊതുവിജ്ഞാനവും അറിയാനുള്ളതാണ്. രണ്ടാംഭാഗം പ്രവേശനം തേടുന്ന വിഷയവുമായി ബന്ധപ്പെട്ടതായിരിക്കും.

കേന്ദ്ര സര്‍വകലാശാലകളിലെ എല്ലാ കോഴ്‌സുകള്‍ക്കും കൊല്ലത്തില്‍ രണ്ടുതവണകളായി പ്രവേശനപരീക്ഷ നടത്തണമെന്ന് യു.ജി.സി. സമിതി ശുപാര്‍ശ ചെയ്തിരുന്നു. സര്‍വകലാശാലകളിലെ പ്രവേശനത്തിന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പൊതുപരീക്ഷ നടത്തണമെന്ന് ദേശീയ വിദ്യാഭ്യാസ നയത്തില്‍ നിര്‍ദേശിച്ചിരുന്നു. അതിനു തുടര്‍ച്ചയായിട്ടാണ് 'കുസെറ്റ്' നടത്തുന്നത്.

Content Highlights: CUCET to be held in june 2021, Central University admission