ഇന്ത്യ ഉള്‍പ്പടെയുള്ള വികസ്വര കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ വിദ്യാര്‍ഥികളെ ഉദ്ദേശിച്ചുള്ള കോമണ്‍വെല്‍ത്ത് ഡിസ്റ്റന്‍സ് ലേണിങ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. സാമ്പത്തിക പരിമിതികള്‍ കാരണമോ മറ്റു കാരണങ്ങളാലോ യു.കെ.യില്‍ പഠിക്കാന്‍ കഴിയാതെപോകുന്ന, പഠനം സ്വന്തം രാജ്യത്തുതന്നെ നടത്തേണ്ടിവരുന്ന, എന്നാല്‍ അവിടെ പഠനസൗകര്യം ഇല്ലാത്ത മേഖലകള്‍ ലക്ഷ്യമിടുന്നവര്‍ക്കു വേണ്ടിയുള്ള ഈ പദ്ധതിയുടെ ഫണ്ടിങ് നടത്തുന്നത് ഫോറിന്‍ കോമണ്‍വെല്‍ത്ത് ആന്‍ഡ് ഡെവലപ്‌മെന്റ് ഓഫീസ് ആണ്.

വിഷയങ്ങള്‍

ആറു പ്രമേയങ്ങളിലുള്ള കോഴ്‌സുകള്‍ക്ക്, സ്‌കോളര്‍ഷിപ്പുകള്‍ അനുവദിക്കും. സയന്‍സ് ആന്‍ഡ് ടെക്‌നോളജി, ഹെല്‍ത്ത് സിസ്റ്റംസ് ആന്‍ഡ് കപ്പാസിറ്റി, ഗ്ലോബല്‍ പ്രോസ്പരിറ്റി, ഗ്ലോബല്‍ പീസ് സെക്യൂരിറ്റി ആന്‍ഡ് ഗവര്‍ണന്‍സ്, റെസിലിയന്‍സ് ആന്‍ഡ് റെസ്‌പോണ്‍സ് ടു ക്രൈസിസ്, അക്‌സസ് ഇന്‍ക്ലൂഷന്‍ ആന്‍ഡ് ഓപ്പര്‍ച്യൂണിറ്റി.

പ്രവേശനം

അപേക്ഷാര്‍ഥി രാജ്യത്തെ പൗരനും സ്ഥിരതാമസക്കാരനുമായിരിക്കണം. ആദ്യബിരുദം, ഉയര്‍ന്ന സെക്കന്‍ഡ് ക്ലാസിലെങ്കിലും (2:1/60 ശതമാനം70 ശതമാനം) വേണം. സ്‌കോളര്‍ഷിപ്പില്ലാതെ പഠനം നടത്താന്‍ കഴിയാത്ത സാഹചര്യമായിരിക്കണം.

ഓരോ യൂണിവേഴ്‌സിറ്റിയും അവരുടേതായ തിരഞ്ഞെടുപ്പുരീതി അവലംബിക്കും. ആദ്യം കോഴ്‌സിലേക്കുള്ള അപേക്ഷ, സര്‍വകലാശാലയിലേക്ക് സൂചിപ്പിച്ച ലിങ്ക് വഴി ഏപ്രില്‍ 26 ബ്രിട്ടീഷ് സമ്മര്‍ ടൈം 17.00 മണിക്കകം നല്‍കണം. ഒന്നില്‍ കൂടുതല്‍ സര്‍വകലാശാലകളിലേക്കും കോഴ്‌സുകളിലേക്കും അപേക്ഷിക്കാം. അഡ്മിഷന്‍ ഓഫര്‍ ലഭിക്കുന്ന മുറയ്ക്ക് കോമണ്‍വെല്‍ത്ത് സ്‌കോളര്‍ഷിപ്പ് കമ്മിഷന് ഇതേ വെബ്‌സൈറ്റിലെ ബന്ധപ്പെട്ട ലിങ്ക് വഴി മേയ് 10ന് 17.00 (ബി.എസ്.ടി.) നകം സ്‌കോളര്‍ഷിപ്പ് അപേക്ഷ നല്‍കണം. സര്‍വകലാശാലകള്‍ ജൂണ്‍ നാലിനകം തിരഞ്ഞെടുക്കപ്പെടുന്നവരുടെ പട്ടിക കോമണ്‍വെല്‍ത്ത് സ്‌കോളര്‍ഷിപ്പ് കമ്മിഷന് കൈമാറും. ജൂലായ് മാസത്തോടെ അന്തിമ തീരുമാനം അപേക്ഷകരെ അറിയിക്കും. ട്യൂഷന്‍ ഫീസ്, സ്റ്റഡി ഗ്രാന്റ് എന്നിവ ഉള്‍പ്പെടുന്നതാകും സ്‌കോളര്‍ഷിപ്പ്.


സര്‍വകലാശാലകളും കോഴ്‌സുകളും

• യൂണിവേഴ്‌സിറ്റി ഓഫ് സതാംപ്ടണ്‍ (എം.എസ്‌സി. നിയോനാറ്റോളജി) * യൂണിവേഴ്‌സിറ്റി ഓഫ് എഡിന്‍ബറോ (എം.എസ്‌സി. ബയോഡൈവേഴ്‌സിറ്റി, കണ്‍സര്‍വേഷന്‍ മെഡിസിന്‍, ഇന്റര്‍നാഷണല്‍ ആനിമല്‍ ഹെല്‍ത്ത്, ക്ലിനിക്കല്‍ എജ്യുക്കേഷന്‍, മാസ്റ്റര്‍ ഓഫ് ഫാമിലി മെഡിസിന്‍)

• യൂണിവേഴ്‌സിറ്റി ഓഫ് മാഞ്ചെസ്റ്റര്‍ (മാനേജ്‌മെന്റ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ്, മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത്)

• യൂണിവേഴ്‌സിറ്റി ഓഫ് ബര്‍മിങാം (എം.എസ്‌സി. ഇന്റര്‍നാഷണല്‍ െഡവലപ്‌മെന്റ്)

• യൂണിവേഴ്‌സിറ്റി ഓഫ് ഓക്‌സ്ഫഡ് (മാസ്റ്റേഴ്‌സ് ഇന്‍ ഇന്റര്‍നാഷണല്‍ ഹ്യൂമണ്‍ റൈറ്റ്‌സ് ലോ). പൂര്‍ണ പട്ടിക,

https://cscuk.fcdo.gov.uk/news/ ല്‍ ''എബൗട്ട് അസ് > സ്‌കോളര്‍ഷിപ്‌സ്'' ലിങ്കുകള്‍ വഴി, കോമണ്‍വെല്‍ത്ത് ഡിസ്റ്റന്‍സ് ലേണിങ് സ്‌കോളര്‍ഷിപ്പ് പേജിലെ ബന്ധപ്പെട്ട ലിങ്കില്‍ കിട്ടും.

Content Highlights: Commonwealth Distance Learning Scholarship