സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന മുസ്‌ലിം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്‌സി, ജൈന ന്യൂനപക്ഷ മതവിഭാഗങ്ങളില്‍പ്പെടുന്ന ഉദ്യോര്‍ഥികള്‍ക്ക് പരിശീലനത്തിന് സംസ്ഥാന ന്യൂനപക്ഷക്ഷേമവകുപ്പ് കോഴ്‌സ് ഫീസും ഹോസ്റ്റല്‍ ഫീസും റീ ഇമ്പേഴ്‌സ് ചെയ്യുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
കോഴ്‌സ് ഫീസായി പരമാവധി 20,000 രൂപയും ഹോസ്റ്റല്‍ ഫീസായി പരമാവധി 10,000 രൂപയുമാണ് നല്‍കുന്നത്. അപേക്ഷകര്‍ കേരളാ സിവില്‍ സര്‍വീസ് അക്കാദമി, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ റിസര്‍ച്ച് പൊന്നാനി, യൂണിവേഴ്‌സിറ്റികള്‍ നടത്തുന്ന പരിശീലനകേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ പരിശീലനം നടത്തുന്നവരും നോണ്‍ ക്രീമിലെയര്‍ പരിധിയില്‍ ഉള്‍പ്പെടുന്നവരുമായിരിക്കണം.
വിദ്യാര്‍ഥി പഠിക്കുന്ന സ്ഥാപനം നേരിട്ടുനടത്തുന്ന ഹോസ്റ്റലുകളിലും സ്ഥാപനമേധാവി അംഗീകരിച്ചിട്ടുള്ള സ്വകാര്യ ഹോസ്റ്റലുകളില്‍നിന്ന് പഠിക്കുന്നവര്‍ക്കും ഹോസ്റ്റല്‍ സ്‌റ്റൈപ്പന്‍ഡിന് അപേക്ഷിക്കാം.
അത്തരം സ്ഥാപനങ്ങളില്‍ ഫീസ് അടച്ചതിന്റെ അസല്‍ രസീതില്‍ വിദ്യാര്‍ഥി പഠിക്കുന്ന സ്ഥാപനത്തിന്റെ മേധാവിയുടെ മേലൊപ്പ് പതിപ്പിക്കണം. അപേക്ഷകരുടെ വാര്‍ഷിക വരുമാനം എട്ടുലക്ഷം രൂപയില്‍ കവിയരുത്. ബി.പി.എല്‍. വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് മുന്‍ഗണന നല്‍കും.
80 ശതമാനം അനുകൂല്യം മുസ്‌ലിം വിദ്യാര്‍ഥികള്‍ക്കും 20 ശതമാനം മറ്റു ന്യൂനപക്ഷ മതവിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്കുമായിരിക്കും. അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാത്കൃത ബാങ്കില്‍ അക്കൗണ്ടുണ്ടായിരിക്കണം. minoritywelfare.kerala.gov.in വഴി ജനുവരി 15 വരെ അപേക്ഷിക്കാം. വിവരങ്ങള്‍ക്ക്: 0471 2300524.
Content Highlights: Civil services coaching, funds for minority, apply now