ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സ് (ബിറ്റ്‌സ്) പിലാനി, ഗോവ, ഹൈദരാബാദ് കാമ്പസുകളിലെ ഇന്റഗ്രേറ്റഡ് ഫസ്റ്റ് ഡിഗ്രി പ്രോഗ്രാമിന് ബിറ്റ്‌സാറ്റ് (ബിറ്റ്‌സ് അഡ്മിഷന്‍ ടെസ്റ്റ്) അഭിമുഖീകരിച്ചവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. ബി.ഇ., എം.എസ്‌സി., ബി.ഫാം പ്രോഗ്രാമുകളാണ് ഉള്ളത്. ബി.ഇ. ബ്രാഞ്ചുകള്‍: കെമിക്കല്‍, സിവില്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ്, മെക്കാനിക്കല്‍, കംപ്യൂട്ടര്‍ സയന്‍സ്, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, മാനുഫാക്ചറിങ്.

എം.എസ്‌സി. ബയോളജിക്കല്‍ സയന്‍സസ്, കെമിസ്ട്രി, ഇക്കണോമിക്‌സ്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, ജനറല്‍ സ്റ്റഡീസ്.

യോഗ്യത: പ്ലസ്ടു 2020ലോ 2021ലോ ജയിച്ചിരിക്കണം. ഇപ്പോള്‍ ബിറ്റ്‌സില്‍ പഠിക്കുന്നവര്‍ അര്‍ഹരല്ല. ബി.ഫാം. ഒഴികെയുള്ള പ്രോഗ്രാമുകളില്‍ പ്രവേശനം തേടുന്നവര്‍ പ്ലസ്ടു തലത്തില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് പഠിച്ച് ജയിച്ചിരിക്കണം. ബി.ഫാം പ്രവേശനം തേടുന്നവര്‍ പ്ലസ്ടു, ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്/ബയോളജി പഠിച്ച് ജയിച്ചിരിക്കണം.

ബിറ്റ്‌സാറ്റില്‍ മാത്തമാറ്റിക്‌സ് വിഷയം തിരഞ്ഞെടുത്തവര്‍ക്ക് പ്ലസ്ടു തലത്തില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ക്ക് മൊത്തത്തില്‍ 75ഉം ഓരോന്നിനും 60ഉം ശതമാനം മാര്‍ക്ക് വേണം. ബയോളജി തിരഞ്ഞെടുത്തവര്‍ക്ക് പ്ലസ്ടു തലത്തില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് മൊത്തത്തില്‍ 75ഉം ഓരോന്നിനും 60ഉം ശതമാനം മാര്‍ക്ക് വേണം. ഇംഗ്ലിഷ് മികവ് വേണം. ഒന്നില്‍ കൂടുതല്‍ അവസരമെടുത്ത് പ്ലസ്ടു ജയിച്ചവരുടെ ഒടുവിലത്തെ അവസരത്തിലെ മാര്‍ക്കേ പരിഗണിക്കൂ.

അപേക്ഷ https://www.bitsadmission.com വഴി ഓഗസ്റ്റ് 21 വൈകീട്ട് അഞ്ചുവരെ നല്‍കാം.

പിലാനി, ഗോവ, ഹൈദരാബാദ് കാമ്പസുകളിലെ, താത്പര്യമുള്ള വിവിധ പ്രോഗ്രാമുകള്‍ക്ക് മുന്‍ഗണന നിശ്ചയിച്ച് നല്‍കണം. അപേക്ഷാ ഫീസ് 1000 രൂപയാണ്.

ആദ്യ പ്രവേശന ലിസ്റ്റ് ഓഗസ്റ്റ് 26ന് പ്രഖ്യാപിക്കും. വിശദാംശങ്ങള്‍ക്ക് https://www.bitsadmission.com കാണണം.

Content Highlights: BITS Pilani institute Admissions 2021