മിതമായ ഫീസില്‍ നഴ്‌സിങ് പഠിക്കാന്‍ അവസരമൊരുക്കി ഭോപാല്‍ നഴ്‌സിങ് കോളേജ്, പോസ്റ്റ് ബേസിക് ബി.എസ്‌സി. നഴ്‌സിങ്, എം.എസ്‌സി. നഴ്‌സിങ് കോഴ്‌സുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം.

കേന്ദ്ര ആരോഗ്യകുടുംബക്ഷേമ വകുപ്പ്, ഭോപാല്‍ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ കീഴിലുള്ളതാണ് ഭോപാല്‍ നഴ്‌സിങ് കോളേജ്. രണ്ടുവര്‍ഷമാണ് പോസ്റ്റ് ബേസിക് ബി.എസ്‌സി. നഴ്‌സിങ് കോഴ്‌സ് ദൈര്‍ഘ്യം. പോസ്റ്റ് ബേസിക് ബി.എസ്‌സി. നഴ്‌സിങ് പ്രോഗ്രാമിലെ പ്രതിവര്‍ഷ ട്യൂഷന്‍ ഫീസ് 250 രൂപ മാത്രമാണ്. എം.എസ്‌സി. നഴ്‌സിങ്ങിന് പ്രതിവര്‍ഷ ട്യൂഷന്‍ ഫീസ് 350 രൂപയും.

പോസ്റ്റ് ബേസിക് ബി.എസ്‌സി. നഴ്‌സിങ് പ്രവേശനത്തിന് ഹയര്‍ സെക്കന്‍ഡറി/സീനിയര്‍ സെക്കന്‍ഡറി/ഇന്റര്‍ മീഡിയറ്റ്/10+2/തത്തുല്യ പരീക്ഷ ജയിച്ചിരിക്കണം. കൂടാതെ, ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ് വൈഫറി കോഴ്‌സ് ജയിച്ച്, സ്റ്റേറ്റ് നഴ്‌സസ് രജിസ്‌ട്രേഷന്‍ കൗണ്‍സിലില്‍ രജിസ്‌ട്രേഡ് നഴ്‌സ്/രജിസ്‌ട്രേഡ് മിഡ് വൈഫ് രജിസ്‌ട്രേഷന്‍ നേടിയിരിക്കണം.

പുതിയ ഇന്‍ഗ്രേറ്റഡ് കോഴ്‌സ് നിലവില്‍ വരും മുമ്പ് പരിശീലനം ലഭിച്ച മെയില്‍ നഴ്‌സുമാര്‍, മിഡ് വൈഫറിക്കുപകരം സ്വരൂപിച്ച നിശ്ചിത പരിശീലനത്തിന്റെ രേഖ ഹാജരാക്കണം.

രണ്ടു വര്‍ഷത്തെ എ.എസ്‌സി. നഴ്‌സിങ് പ്രവേശനത്തിന് ബി.എസ്‌സി. നഴ്‌സിങ്/ബി. എസ്‌സി. ഓണേഴ്‌സ് നഴ്‌സിങ്/റഗുലര്‍ പോസ്റ്റ് ബേസിക് ബി.എസ്‌സി. നഴ്‌സിങ് എന്നിവയിലൊന്ന് 55 ശതമാനം മാര്‍ക്കോടെ (പട്ടിക വിഭാഗക്കാര്‍ക്ക് 50 ശതമാനം) ജയിച്ചിരിക്കണം. സ്റ്റേറ്റ് നഴ്‌സസ് രജിസ്‌ട്രേഷന്‍ കൗണ്‍സിലില്‍, രജിസ്‌ട്രേഡ് നഴ്‌സ്/രജിസ്‌ട്രേഡ് മിഡ് വൈഫ് രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം. ബേസിക് ബി.എസ്‌സി. നഴ്‌സിങ്/ബി.എസ്‌സി. ഓണേഴ്‌സ് നഴ്‌സിങ്ങിനു ശേഷം അല്ലെങ്കില്‍ പോസ്റ്റ് ബേസിക് ബി.എസ്‌സി. നഴ്‌സിങ്ങിനുമുമ്പോ ശേഷമോ, ഒരു വര്‍ഷത്തെപ്രവൃത്തിപരിചയവും വേണം. ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി നഴ്‌സിങ്, മെഡിക്കല്‍ സര്‍ജിക്കല്‍ നഴ്‌സിങ് എന്നീ സവിശേഷ മേഖലകളിലാണ് കോഴ്‌സുള്ളത്.

പ്രവേശന രീതി: രണ്ടു പ്രോഗ്രാമുകളുടെയും പ്രവേശനത്തിന് പ്രവേശന പരീക്ഷയുണ്ടാകും. രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷകള്‍ക്ക്, 100 മാര്‍ക്കിന്റെ, ഒബ്ജക്ടീവ് ടൈപ്പ് മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളുണ്ടാകും. പോസ്റ്റ് ബേസിക് ബി.എസ്‌സി. നഴ്‌സിങ് പ്രവേശനപരീക്ഷ നവംബര്‍ 30നാണ്. എം. എസ്‌സി. നഴ്‌സിങ് പ്രവേശനപരീക്ഷ ഡിസംബര്‍ രണ്ടിനാണ്. പരീക്ഷാസിലബസ് പ്രോസ്‌പെക്ടസില്‍ ഉണ്ട്. അപേക്ഷ bmhrc.ac.in ല്‍ ഉള്ള ബന്ധപ്പെട്ട പ്രോസ്‌പെക്ടസില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ, അനുബന്ധ രേഖകള്‍ സഹിതം നവംബര്‍15ന് വൈകീട്ട് അഞ്ചിനകം ഭോപാല്‍ നഴ്‌സിങ് കോളേജില്‍ ലഭിക്കണം.

Content Highlights: Bhopal Nursing College offers the opportunity to study nursing at a moderate fee