പുണെ ഗോഖലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്‌സ് ആന്‍ഡ് ഇക്കണോമിക്‌സ് പ്രവേശനത്തിന് അപേക്ഷിക്കാം. ബി.എസ്സി. (ഇക്കണോമിക്‌സ്) പ്രവേശനത്തിന് 60 ശതമാനം മാര്‍ക്കോടെ (പട്ടിക വിഭാഗക്കാര്‍ക്ക് 50 ശതമാം) പ്ലസ് ടു/തത്തുല്യ പരീക്ഷ ജയിച്ചവര്‍ക്ക് അപേക്ഷിക്കാം.

മാസ്റ്റേഴ്‌സ് തലത്തില്‍ ഇക്കണോമിക്‌സ്, ഫിനാന്‍ഷ്യല്‍ ഇക്കണോമിക്‌സ്, അഗ്രിബിസിനസ് ഇക്കണോമിക്‌സ്, ഇന്റര്‍നാഷണല്‍ ബിസിനസ് ഇക്കണോമിക്‌സ് ആന്‍ഡ് ഫിനാന്‍സ്, പോപ്പുലേഷന്‍ സ്റ്റഡീസ് ആന്‍ഡ് ഹെല്‍ത്ത് ഇക്കണോമിക്‌സ് എന്നിവയില്‍ എം.എസ്സി. പ്രോഗ്രാമും ഇക്കണോമിക്‌സ് എം.എ. പ്രോഗ്രാമും ഉണ്ട്. 50 ശതമാനം മാര്‍ക്കോടെയുള്ള (പട്ടികവിഭാഗക്കാര്‍ക്ക് 45 ശതമാനം) ബിരുദം ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

ജൂണ്‍ 27-നു നടത്തുന്ന പ്രവേശനപരീക്ഷകള്‍ വഴിയാണ് പ്രവേശനം. ബി.എസ്സി./എം.എ. ബി.എസ്സി./എം.എസ്സി. എന്നിവയ്ക്ക് എറണാകുളം പരീക്ഷാകേന്ദ്രമാണ്. എം.എ.യ്ക്ക് കേരളത്തില്‍ പരീക്ഷാകേന്ദ്രമില്ല.

എല്ലാ പരീക്ഷകള്‍ക്കും ഒരു മാര്‍ക്കിന്റെ 100 ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങള്‍ വീതം ഉണ്ടാകും. ബി.എസ്സി.ക്ക് ആപ്റ്റിറ്റിയൂഡ് ഇന്‍ മാത്തമാറ്റിക്‌സ് (40 മാര്‍ക്ക്), അനലറ്റിക്കല്‍ എബിലിറ്റി ആന്‍ഡ് റീസണിങ് (40), പ്രൊഫിഷ്യന്‍സി ഇന്‍ ഇംഗ്ലീഷ് ലാംഗ്വേജ് (20) എന്നിവയില്‍ നിന്നാകും ചോദ്യങ്ങള്‍.

എം.എസ്സി./എം.എ. പ്രവേശന പരീക്ഷകള്‍ക്ക് ആപ്റ്റിറ്റിയൂഡ് ഇന്‍ മാത്തമാറ്റിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് (30), അനലറ്റിക്കല്‍ എബിലിറ്റി ആന്‍ഡ് റീസണിങ് (20), യു.ജി. തലത്തിലെ ഇക്കണോമിക്‌സ് പരിജ്ഞാനം (50) എന്നിവയില്‍നിന്നും. അപേക്ഷ ജൂണ്‍ 18 വരെ https://admission.gipe.ac.in/ വഴിനല്‍കാം. യോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.

Content Highlights:  Bachelor's and Master's degree in Economics at Gokhale Institute