ബി.ടെക്. ലാറ്ററല്‍ എന്‍ട്രിക്ക് കേരളത്തിലെ ഡയറക്ടര്‍ ഓഫ് ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ അപേക്ഷ ക്ഷണിച്ചു. ബി.ടെക്. കോഴ്‌സില്‍ അനുവദനീയമായ സീറ്റുകളുടെ 10 ശതമാനം അധികസീറ്റുകള്‍, ആദ്യവര്‍ഷത്തിലെ ലാപ്‌സ്ഡ് സീറ്റുകള്‍ എന്നിവയിലേക്കാണ് പ്രവേശനം. പ്രവേശനം നല്‍കുന്ന സ്ഥാപനങ്ങള്‍, ബ്രാഞ്ചുകള്‍, സീറ്റുകള്‍ എന്നിവ ഓണ്‍ലൈന്‍ അലോട്ടുമെന്റിനു മുന്‍പ് www.admissions.dtekerala.gov.in ല്‍ പ്രസിദ്ധപ്പെടുത്തും.

അപേക്ഷാര്‍ഥി എന്‍ജിനിയറിങ്/ടെക്‌നോളജി ത്രിവത്സര ഡിപ്ലോമ/ഡി.വൊക് (വൊക്കേഷണല്‍ ഡിപ്ലോമ) അല്ലെങ്കില്‍ മാത്തമാറ്റിക്‌സ് മെയിന്‍/സബ്‌സിഡിയറി ആയി പഠിച്ചുള്ള ബിരുദം നേടിയിരിക്കണം. യോഗ്യതാ പരീക്ഷയില്‍ 45 ശതമാനം മാര്‍ക്ക് വേണം. യോഗ്യതാ കോഴ്‌സിന്റെ അന്തിമഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. 2021 ഡിസംബര്‍ 31ന് 18 വയസ്സ് പൂര്‍ത്തിയാക്കിയിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്ല.

അപേക്ഷ www.admissions.dtekerala.gov.in വഴി ഒക്ടോബര്‍ ഒമ്പതുവരെ നല്‍കാം. അപേക്ഷാ ഫീസ് 750 രൂപ ഓണ്‍ലൈനായി അടയ്ക്കാം. കേരളീയേതരെ സര്‍ക്കാര്‍ നിയന്ത്രിത/സ്വകാര്യ സ്വാശ്രയ കോളേജുകളിലെ മാനേജ്‌മെന്റ സീറ്റുകളിലേക്ക് പരിഗണിക്കും.

ഒക്ടോബര്‍ 23ന് നടത്തുന്ന ഒ.എം.ആര്‍. അധിഷ്ഠിത ഒബ്ജക്ടീവ് ടൈപ്പ് മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളുള്ള പരീക്ഷയിലെ സ്‌കോര്‍ പരിഗണിച്ചായിരിക്കും പ്രവേശനം. ചോദ്യപ്പേപ്പറില്‍ രണ്ടുഭാഗങ്ങളുണ്ടാകും. പാര്‍ട്ട് എ ഡിപ്ലോമ/ഡി.വോക് പരീക്ഷാര്‍ഥികള്‍ക്കും പാര്‍ട്ട് ബി, ബി.എസ്‌സി.ക്കാര്‍ക്കും ആയിരിക്കും. വിശദമായ സിലബസ് വെബ്‌സൈറ്റിലെ പ്രോസ്പക്ടസില്‍ ലഭിക്കും. ഡിപ്ലോമ, ഡി.വൊക് അപേക്ഷകരെ പരിഗണിച്ച ശേഷമേ ബി. എസ്‌സി.ക്കാരെ പരിഗണിക്കൂ. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.admissions.dtekerala.gov.in

Content Highlights:  B.Tech Lateral Entry