ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ബി.എസ്സി. (ഓണേഴ്‌സ്) നഴ്‌സിങ്, ബി.എസ്സി. നഴ്‌സിങ് (പോസ്റ്റ് ബേസിക്), ബി.എസ്സി. (പാരാമെഡിക്കല്‍) കോഴ്‌സുകള്‍ക്കുള്ള പ്രവേശന നടപടികള്‍ തുടങ്ങി. ബി.എസ്സി. (ഓണേഴ്‌സ്) നഴ്‌സിങ്ങിന് ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവ പഠിച്ച് പ്ലസ്ടു പരീക്ഷ മൊത്തത്തില്‍ 55 ശതമാനം മാര്‍ക്കുവാങ്ങി (പട്ടിക വിഭാഗക്കാര്‍ക്ക് 50 ശതമാനം) ജയിച്ചവര്‍ക്ക് അപേക്ഷിക്കാം.

ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/മാത്തമാറ്റിക്‌സ് (കോഴ്‌സിനനുസരിച്ച്) പഠിച്ച് പ്ലസ്ടു പരീക്ഷ 50 ശതമാനം മാര്‍ക്കോടെ (പട്ടിക വിഭാഗക്കാര്‍ക്ക് 45 ശതമാനം) നേടി ജയിച്ചവര്‍ക്ക് ബി.എസ്സി (പാരാമെഡിക്കല്‍) കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം.

കോഴ്സുകള്‍ (2020)

ഒപ്‌റ്റോമട്രി, മെഡിക്കല്‍ ടെക്‌നോളജി ഇന്‍ റേഡിയോഗ്രാഫി, ഡെന്റല്‍ ഓപ്പറേറ്റിങ് റൂം അസിസ്റ്റന്റ്, ഡെന്റല്‍ ഹൈജിന്‍, ഓപ്പറേഷന്‍ തിയേറ്റര്‍ ടെക്‌നോളജി, മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി, ഓപ്പറേഷന്‍ തിയേറ്റര്‍ ആന്‍ഡ് അനസ്‌തേഷ്യോളജി, മെഡിക്കല്‍ ടെക്‌നോളജി ഇന്‍ റേഡിയോ തെറാപ്പി, അനസ്‌തേഷ്യാ ടെക്‌നോളജി, യൂറോളജി ടെക്‌നോളജി, പെര്‍ഫ്യൂഷന്‍ ടെക്‌നോളജി, ന്യൂക്ലിയാര്‍ മെഡിസിന്‍ ടെക്‌നോളജി, റേഡിയോതെറാപ്പി ടെക്‌നോളജി, സ്ലീപ്പ് ലബോറട്ടറി ടെക്‌നോളജി, റെസ്പിരേറ്ററി തെറാപ്പി, ന്യൂറോമോണിറ്ററിങ് ടെക്‌നോളജി, ഓര്‍ത്തോപീഡിക്‌സ് ടെക്‌നോളജി (പ്രോഗ്രാമുകള്‍, ന്യൂഡല്‍ഹി, ഭുവനേശ്വര്‍, ഋഷികേശ് കേന്ദ്രങ്ങളിലായി).

ബി.എസ്സി. നഴ്‌സിങ് (പോസ്റ്റ് ബേസിക്)

പ്ലസ്ടു, ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ്വൈഫറി ഡിപ്ലോമ എന്നിവ ജയിച്ചിരിക്കണം. നഴ്‌സ്/രജിസ്‌ട്രേഡ് നഴ്‌സ്/മിഡ്വൈഫ് രജിസ്‌ട്രേഷന്‍ ഏതെങ്കിലും സംസ്ഥാന നഴ്‌സിങ് കൗണ്‍സിലില്‍നിന്ന് വേണം.

ബേസിക് രജിസ്‌ട്രേഷന്‍

 ഏപ്രില്‍ ആറിന് വൈകീട്ട് അഞ്ചിനകം http://aiimsexams.ac.in വഴി അല്ലെങ്കില്‍ http://ugcourses.aiimsexams.org വഴി ബേസിക് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. ഇതിന്റെ നില ഏപ്രില്‍ ഒമ്പതിന് വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. നിരാകരിച്ച അപേക്ഷകളിലെ പിശകുകള്‍ ഏപ്രില്‍ ഒമ്പതിനും 15-നും ഇടയ്ക്ക് തിരുത്താം. അന്തിമനില ഏപ്രില്‍ 20-ന് പ്രസിദ്ധപ്പെടുത്തും. നേരത്തേ അപേക്ഷിച്ച് 2020 സെഷനിലേക്ക് ബേസിക് രജിസ്‌ട്രേഷന്‍ സ്വീകരിക്കപ്പെട്ടവര്‍ വീണ്ടും ബേസിക് രജിസ്‌ട്രേഷന്‍ നടത്തേണ്ടതില്ല.

പ്രോസ്പക്ടസ് ഏപ്രില്‍ 26-ന് സൈറ്റില്‍ അപ്ലോഡ് ചെയ്യും. ഫൈനല്‍ രജിസ്‌ട്രേഷനും അപേക്ഷാഫീസടയ്ക്കാനും പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കാനും ഏപ്രില്‍ 27 മുതല്‍ മേയ് 13 വൈകീട്ട് അഞ്ചുവരെ സൗകര്യം ഉണ്ടാകും.

2020-ല്‍ ബേസിക് രജിസ്‌ട്രേഷന്‍ സ്വീകരിക്കപ്പെട്ടവര്‍ക്കും നടപടി പൂര്‍ത്തിയാക്കി ഫൈനല്‍ രജിസ്‌ട്രേഷന്‍ നടത്താം. പ്രവേശനപരീക്ഷ ജൂണില്‍ നടത്തും.

രജിസ്‌ട്രേഷന്‍ ഏപ്രില്‍ ആറുവരെ

Content Highlights: B.Sc Nursing and paramedical courses in AIIMS