പിഎച്ച്.ഡി. ഗവേഷകര്‍ക്കും പോസ്റ്റ് ഡോക്ടറല്‍ ഫെലോ(പി.ഡി.എഫ്.)കള്‍ക്കും ഗവേഷണവുമായി ബന്ധപ്പെട്ട കണ്ടെത്തലുകള്‍ ലളിതമായ കഥകളിലൂടെ അവതരിപ്പിക്കാന്‍ അവസരം. കഥ മികച്ചതെങ്കില്‍ ഒരുലക്ഷം രൂപവരെ സമ്മാനം നേടാം.

കേന്ദ്ര സര്‍ക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പാണ് 'ഓഗ്മെന്റിങ് റൈറ്റിങ് സ്‌കില്‍സ് ഫോര്‍ ആര്‍ട്ടിക്കുലേറ്റിങ് റിസര്‍ച്ച് (അവ്‌സര്‍)' എന്ന പദ്ധതിയിലൂടെ ഗവേഷകര്‍ക്ക് അവസരം ഒരുക്കുന്നത്.

ശാസ്ത്രം സമൂഹത്തിലേക്ക്

ഭാരതത്തില്‍ നടക്കുന്ന ശാസ്ത്ര, സാങ്കേതിക നൂതന ഗവേഷണങ്ങളിലെ കണ്ടെത്തലുകള്‍ രസകരവും ലളിതവും മനസ്സിലാകുന്നതുമായ രീതിയില്‍ അവതരിപ്പിക്കുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഗവേഷണ ഫലങ്ങള്‍ ലളിതമായ കഥകളില്‍ക്കൂടി അവതരിപ്പിച്ച് ശാസ്ത്രത്തെ സമൂഹമനസ്സിലേക്ക് എത്തിക്കാന്‍ പദ്ധതി ലക്ഷ്യമിടുന്നു. 

ശാസ്ത്ര, സാങ്കേതിക മേഖലയുമായി ബന്ധപ്പെട്ട ഏതെങ്കിലും വിഷയത്തില്‍ പിഎച്ച്.ഡി.യോ പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പോ ചെയ്യുന്നവര്‍ക്ക് പങ്കെടുക്കാം. കഥ 1000-1500 വാക്കുകള്‍ കവിയരുത്. പാര്‍ട്ട് ടൈം പിഎച്ച്.ഡി. സ്‌കോളര്‍മാര്‍ക്കും പങ്കെടുക്കാം. മാതൃക വെബ്‌സൈറ്റില്‍ ലഭ്യമാണ്.

സമ്മാനങ്ങള്‍

ആദ്യഘട്ടത്തില്‍ പിഎച്ച്.ഡി. വിഭാഗത്തില്‍ 100-ഉം പി.ഡി.എഫ്. വിഭാഗത്തില്‍ 20-ഉം എന്‍ട്രികള്‍ വിദഗ്ധസമിതി തിരഞ്ഞെടുക്കും. ഇവര്‍ക്കെല്ലാം 10,000 രൂപ വീതമുള്ള സമ്മാനവും സാക്ഷ്യപത്രവും നല്‍കും. ഇവയില്‍നിന്ന് പിഎച്ച്.ഡി. വിഭാഗത്തിലെ മികച്ച മൂന്ന് എന്‍ട്രികള്‍ക്ക് യഥാക്രമം ഒരുലക്ഷം, അര ലക്ഷം, കാല്‍ ലക്ഷം രൂപ വീതമുള്ള സമ്മാനങ്ങള്‍ നല്‍കും. 

പി.ഡി.എഫ്. വിഭാഗത്തില്‍ ഏറ്റവും മികച്ച എന്‍ട്രിക്ക് ഒരുലക്ഷം രൂപ സമ്മാനം നല്‍കും. കൃത്യത, വ്യക്തത, ഉള്‍ക്കാഴ്ച എന്നിവ വിലയിരുത്തിയാണ് മൂല്യനിര്‍ണയം. സയന്‍സ് ഫിലിം ട്രെയിനിങ് വര്‍ക്ക്‌ഷോപ്പില്‍ വിജയികള്‍ക്ക് പങ്കെടുക്കാം. എന്‍ട്രികള്‍ ഒക്ടോബര്‍ 15-നകം www.awsar-dst.in വഴി നല്‍കാം.

Content Highlights: AWSAR story telling competition for scholars; apply by 15 October