വിദ്യാര്‍ഥികളുടെ തൊഴില്‍ നൈപുണ്യം വികസിപ്പിക്കുക, അവരെ ആഗോളസാങ്കേതിക രംഗത്തെ പുതിയ മാറ്റങ്ങള്‍ക്ക് സജ്ജരാക്കുക എന്നീ ലക്ഷ്യങ്ങളോടെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്) കേരളത്തിലെ ബിരുദ വിദ്യാര്‍ഥികള്‍ക്കായി നൂതന പരിശീലന പദ്ധതിയായ 'ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിംഗ് (എ.ഐ.എം.എല്‍.) ഡെവലപ്പര്‍' എന്ന കോഴ്സ് ആരംഭിക്കുന്നു.

കേരളത്തിലെ എന്‍ജിനീയറിംഗ് അഞ്ചാം സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍ക്കും എം.സി.എ. ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്കും കോഴ്സിന് അപേക്ഷിക്കാം. ചെറിയ ഭേദഗതികളോടെ  ഈ കോഴ്സ് ബിരുദപഠനം കഴിഞ്ഞവര്‍ക്കും നിലവില്‍ ജോലി ചെയ്യുന്നവര്‍ക്കും ലഭ്യമാണ്.

സ്‌കില്‍ കോഴ്സുകള്‍ക്ക് ദേശീയ അംഗീകാരം നല്‍കുന്ന 'നാഷണല്‍ സ്‌കില്‍ ക്വാളിഫിക്കേഷന്‍ ഫ്രെയിംവര്‍ക്കിന്റെ സൂചിക പ്രകാരം ലെവല്‍ 7' നിലവാരം പുലര്‍ത്തുന്ന സമഗ്രവും അതിനൂതനവുമായ വിഭാഗത്തിലാണ് ഈ കോഴ്സ് ഉള്‍പ്പെടുന്നത്.

776 മണിക്കൂറുള്ള പരിശീലനത്തില്‍ 400 മണിക്കൂര്‍ വിവിധ സാങ്കേതിക വിദഗ്ദ്ധരുടെ മേല്‍നോട്ടത്തിലുള്ള പ്രോജക്റ്റ്/തൊഴിലിട പരിശീലനമാണ് വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കുന്നത്. ക്ലാസ് റൂം-ലാബ്-തൊഴിലിടങ്ങള്‍ എന്നിവ ഉപയോഗപ്പെടുത്തി നല്‍കുന്ന പരിശീലനത്തിന്റെ കോഴ്സ് ഫീസ് 35000 രൂപയാണ്. ഇത് മൂന്നു തവണകളായി അടയ്ക്കാം.

പ്രവേശനപരീക്ഷയിലൂടെയാണ് പ്രവേശനം നല്‍കുന്നത്. പ്രവേശന പരീക്ഷയില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നവര്‍ക്ക് ഫീസിന്റെ 50 ശതമാനം സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് ആയി നല്‍കും. ഇതിനു പുറമേ കേന്ദ്ര സര്‍ക്കാരിന്റെ ക്രെഡിറ്റ് ഗ്യാരണ്ടി ഫണ്ട് സ്‌കീം ഫോര്‍ സ്‌കില്‍ ഡെവലപ്മെന്റ് (സി.ജി.എഫ്.എസ്.എസ്.ഡി.) പദ്ധതിയിലൂടെ കോഴ്സ് ഫീസ് ലോണായി ലഭ്യമാക്കാനും സാധിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്കായി അസാപ്പിന്റെ ജില്ലാഘടകങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എ.എസ്.ഡി.സി ഓഫീസില്‍ ബന്ധപ്പെടണം: ഫോണ്‍ നമ്പര്‍ : 9567055594 / 7907020249. വിശദവിവരങ്ങള്‍ക്ക്: www.asapkerala.gov.in സന്ദര്‍ശിക്കുക.

Content Highlights: Apply now for Artificial Intelligence Course Organising by ASAP Kerala