കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ (ഡി.ടി.ഇ.) കീഴിലുള്ള എന്‍ജിനിയറിങ് കോളേജുകളിലെ മാസ്റ്റേഴ്സ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.

ഗവണ്‍മെന്റ്/എയ്ഡഡ്; ഗവണ്‍മെന്റ് കണ്‍ട്രോള്‍ഡ് സെല്‍ഫ് ഫിനാന്‍സിങ് എന്‍ജിനിയറിങ് കോളേജുകള്‍, എയ്ഡഡ് എന്‍ജിനിയറിങ് കോളേജുകളിലെ സെല്‍ഫ് ഫിനാന്‍സിങ് കോഴ്സുകള്‍ എന്നിവയിലെ നിശ്ചിത സീറ്റുകളാണ് കേന്ദ്രീകൃത അലോട്ട്മെന്റ് പ്രക്രിയയില്‍കൂടി നികത്തുന്നത്.

യോഗ്യത: എന്‍ജിനിയറിങ്/ ആര്‍ക്കിടെക്ചര്‍ ബാച്ചലര്‍ പ്രോഗ്രാം മൊത്തം 60 ശതമാനം മാര്‍ക്കുവാങ്ങി ജയിക്കണം. എസ്.ഇ.ബി.സി. (ഒ.ബി.സി.) വിഭാഗക്കാര്‍ക്ക് 54 ശതമാനം മാര്‍ക്കുമതി. പട്ടികവിഭാഗക്കാര്‍ യോഗ്യതാകോഴ്സ് ജയിച്ചിരിക്കണം. സ്‌പോണ്‍സേഡ് അപേക്ഷകരൊഴികെയുള്ളവര്‍ക്ക് സാധുവായ ഗേറ്റ് സ്‌കോര്‍ നിര്‍ബന്ധമാണ്.

ഗേറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ഗേറ്റ് യോഗ്യത ഇല്ലാത്ത കേരളീയരെ പരിഗണിക്കും. പിന്നെയും സീറ്റ് അവശേഷിക്കുന്ന പക്ഷം, മറ്റു സംസ്ഥാനക്കാരെയും പരിഗണിക്കും. ഗേറ്റ് യോഗ്യതയുള്ള 55 ശതമാനംമാര്‍ക്കോടെ എ.എം.ഐ. ഇ./എ.എം.ഐ.ഇ.ടി.ഇ. സെക്ഷന്‍ ബി പരീക്ഷ ജയിച്ചവര്‍ക്കും അപേക്ഷിക്കാം.

അപേക്ഷ www.admissions.dtekerala.gov.in ലെ എം.കാപ് 2021 ലിങ്ക് വഴി സെപ്റ്റംബര്‍ 30 വരെ നല്‍കാം. ഫൈനല്‍ സെമസ്റ്റര്‍പരീക്ഷ എഴുതിയിരിക്കുന്നവര്‍ക്കും വ്യവസ്ഥകള്‍ക്കു വിധേയമായി അപേക്ഷിക്കാം.

ആദ്യ അലോട്ട്മെന്റ് ഒക്ടോബര്‍ 16-ന് പ്രസിദ്ധപ്പെടുത്തും. ടീച്ചിങ്/ഗവേഷണപ്രവര്‍ത്തനങ്ങള്‍, സ്‌കോളര്‍ഷിപ്പ് തുടങ്ങിയവയുടെ വ്യവസ്ഥകള്‍ പ്രോസ്‌പെക്ടസില്‍ ലഭ്യമാണ്. ഗവണ്‍?െമന്റ്/എയ്ഡഡ് കോളേജില്‍ സെമസ്റ്റര്‍ ട്യൂഷന്‍ഫീസ് 6300 രൂപയാണ്.

പ്രൈവറ്റ് സെല്‍ഫ് ഫിനാന്‍സിങ് കോളേജുകളിലെ പ്രവേശനത്തിനായി യോഗ്യതാവ്യവസ്ഥ പരിഗണിച്ച് ഡി.ടി.ഇ. റാങ്ക് പട്ടിക തയ്യാറാക്കും.

പ്രത്യേകം അപേക്ഷ ക്ഷണിച്ച്, ഈ റാങ്ക്പട്ടികയില്‍നിന്ന് 50 ശതമാനം സീറ്റിലേക്ക് സ്ഥാപനങ്ങള്‍ നേരിട്ട് പ്രവേശനം നടത്തും.

ഡി.ടി.ഇ. തയ്യാറാക്കിയ റാങ്ക്പട്ടിക പരിഗണിച്ചശേഷവും അര്‍ഹരായവരുടെ അഭാവത്തില്‍, കോളേജ് തയ്യാറാക്കുന്ന റാങ്ക്പട്ടികയനുസരിച്ച് സ്വാശ്രയസ്ഥാപനങ്ങള്‍ക്ക് യോഗ്യതാവ്യവസ്ഥകള്‍ക്കു വിധേയമായി പ്രവേശനം നല്‍കാം.