സെന്‍ട്രല്‍ പൂള്‍ ക്വാട്ടയില്‍, സായുധസേനാംഗങ്ങളുടെ കുട്ടികള്‍ക്കും വിധവകള്‍ക്കും രാജ്യത്തെ മെഡിക്കല്‍/ഡെന്റല്‍ കോളേജുകളില്‍ എം.ബി.ബി. എസ്./ബി.ഡി.എസ്. കോഴ്‌സുകള്‍ക്ക് സംവരണംചെയ്തിട്ടുള്ള മിനിസ്ട്രി ഓഫ് ഡിഫന്‍സ് ക്വാട്ട സീറ്റുകളിലേക്ക് പരിഗണിക്കപ്പെടാന്‍ ഇപ്പോള്‍ അപേക്ഷിക്കാം.

വിമുക്തഭടന്മാരുടെ ക്ഷേമവകുപ്പിന്റെ കീഴിലെ കേന്ദ്രീയ സൈനിക് ബോര്‍ഡ് സെക്രട്ടേറിയറ്റാണ് മുന്‍ഗണന നിശ്ചയിച്ച് അനുവദിക്കുന്ന ഈ സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താഴെ നല്‍കിയിരിക്കുന്ന വിഭാഗങ്ങളിലെ സായുധസേനാംഗങ്ങളുടെ മകന്‍/മകള്‍/ഭാര്യ/വിധവ എന്നിവര്‍ക്ക് ഇതിലേക്ക് അപേക്ഷിക്കാം.

മുന്നേറ്റത്തില്‍ മരണമടഞ്ഞ സായുധസേനാംഗങ്ങളുടെ മക്കള്‍/വിധവകള്‍ -മുന്‍ഗണന I മുന്നേറ്റത്തില്‍ വൈകല്യം സംഭവിച്ച് സര്‍വീസില്‍നിന്ന് പുറത്തുവന്നവരുടെ മക്കള്‍ - II സര്‍വീസിലിരിക്കെ മിലിറ്ററിസേവന കാരണങ്ങള്‍വഴി മരണമടഞ്ഞവരുടെ വിധവകള്‍/മക്കള്‍ - III സര്‍വീസിലിരിക്കെ മിലിറ്ററിസേവന കാരണങ്ങള്‍വഴി വൈകല്യം സംഭവിച്ച് പുറത്തുവന്നവരുടെ മക്കള്‍ -IV ധീരതയ്ക്കുള്ള അവാര്‍ഡുകള്‍ ലഭിച്ച, വിമുക്തഭടന്മാരുടെയും സേവനത്തിലിരിക്കുന്നവരുടെയും മക്കള്‍ -V വിമുക്തഭടന്മാരുടെ മക്കള്‍ -VI മുന്നേറ്റത്തില്‍ വൈകല്യം സംഭവിച്ച് സര്‍വീസില്‍നിന്ന് പുറത്തുവന്നവര്‍, സര്‍വീസിലിരിക്കെ മിലിറ്ററിസേവന കാരണങ്ങള്‍വഴി വൈകല്യം സംഭവിച്ച് പുറത്തുവന്നവര്‍, ധീരതയ്ക്കുള്ള അവാര്‍ഡുകള്‍ ലഭിച്ച വിമുക്തഭടന്മാര്‍, സേവനത്തിലിരിക്കുന്നവര്‍, എന്നിവരുടെ ഭാര്യമാര്‍ -VII സേവനത്തിലിരിക്കുന്നവരുടെ മക്കള്‍ - VIII സേവനത്തിലിരിക്കുന്നവരുടെ ഭാര്യമാര്‍ - IX അപേക്ഷകര്‍ നീറ്റ് യു.ജി. 2021-ല്‍ യോഗ്യത നേടിയിരിക്കണം. ഈ പരീക്ഷയിലെ മാര്‍ക്ക്/സ്‌കോര്‍ അടിസ്ഥാനമാക്കിയാകും തിരഞ്ഞെടുപ്പ്. അപേക്ഷ നവംബര്‍ 30 വരെ www.ksb.gov.in വഴി നല്‍കാം.

വിശദമായ അറിയിപ്പ് സൈറ്റിലെ 'ബെനഫിറ്റ്സ്/ കണ്‍സഷന്‍സ്' > 'അഡ്മിഷന്‍സ് ടു എം.ബി.ബി.എസ്./ബി.ഡി.എസ്. കോളേജസ്' എന്ന ലിങ്കില്‍ കിട്ടും. അപേക്ഷകരുടെ ഫോട്ടോ, പിന്തുണ രേഖകള്‍, നിശ്ചിത ഉദ്യോഗസ്ഥനില്‍നിന്ന് വാങ്ങിയ എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ് (ആരില്‍നിന്ന് വാങ്ങണമെന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്) എന്നിവയും അപേക്ഷയ്‌ക്കൊപ്പം അപ്ലോഡ് ചെയ്യണം. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമവകുപ്പിന്റെ സീറ്റ് അനുവദിക്കലിനുവിധേയമാണിത്.

Content Highlights: applications invited for MBBS, BDS seats in defence quota