ന്യൂഡല്‍ഹിയിലെ ഡല്‍ഹി നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി (എന്‍.എല്‍.യു.) 2021ലെ ബി.എ.എല്‍എല്‍.ബി. (ഓണേഴ്‌സ്) (അഞ്ചുവര്‍ഷം), എല്‍.എല്‍.എം. (ഒരു വര്‍ഷം), പിഎച്ച്.ഡി. പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

പ്ലസ്ടുതല സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍/തത്തുല്യ പരീക്ഷ 45 ശതമാനം മാര്‍ക്കോടെ (പട്ടിക/ഭിന്നശേഷിക്കാര്‍ക്ക് 40 ശതമാനം) ജയിച്ചവര്‍ക്ക് അഞ്ചുവര്‍ഷ ബി.എ.എല്‍എല്‍.ബി. (ഓണേഴ്‌സ്) പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം.

കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെയുള്ള (പട്ടിക/ഭിന്നശേഷിക്കാര്‍ക്ക് 45 ശതമാനം) എല്‍എല്‍.ബി./തത്തുല്യ നിയമബിരുദം ആണ് എല്‍എല്‍.എം. പ്രവേശനത്തിനുവേണ്ട യോഗ്യത. യോഗ്യതാ പരീക്ഷ അഭിമുഖീകരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.

എല്‍എല്‍.എം./തത്തുല്യ നിയമബിരുദം 55 ശതമാനം മാര്‍ക്കോടെ (പട്ടിക/ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 50 ശതമാനം) നേടിയവര്‍ക്ക് പിഎച്ച്.ഡി. പ്രവേശനത്തിന് അര്‍ഹതയുണ്ട്.

മൂന്നുപ്രോഗ്രാമുകളിലെയും പ്രവേശനം ജൂണ്‍ 20ന് രാവിലെ 10 മുതല്‍ 11.30 വരെ ഓണ്‍ലൈനായി നടത്തുന്ന ഓള്‍ ഇന്ത്യ ലോ എന്‍ട്രന്‍സ് ടെസ്റ്റ് (എ.ഐ.എല്‍.ഇ.ടി.) വഴിയാണ്. കൊച്ചിയും പരീക്ഷാകേന്ദ്രമാണ്. ബി.എ.എല്‍എല്‍.ബി. പ്രവേശനപരീക്ഷയ്ക്ക് ഇംഗ്ലീഷ്, ജനറല്‍ നോളജ്, ലോജിക്കല്‍ റീസണിങ്, ലീഗല്‍ ആപ്റ്റിറ്റിയൂഡ്, ബേസിക് മാത്തമാറ്റിക്‌സ് എന്നിവയില്‍നിന്നും, എല്‍എല്‍.എം. പ്രവേശനപരീക്ഷയ്ക്ക് ക്രിമിനല്‍ ലോ, കോണ്‍സ്റ്റിറ്റിയൂഷണല്‍ ലോ, ലോ ഓഫ് കോണ്‍ട്രാക്ട്, ജൂറിസ്പ്രൂഡന്‍സ്, ലോ ഓഫ് ടോര്‍ട്, ഇന്റര്‍നാഷണല്‍ ലോ ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍നിന്നും, പിഎച്ച്.ഡി. പ്രവേശനപരീക്ഷയ്ക്ക് റിസര്‍ച്ച് മെത്തഡോളജി, വിവിധ നിയമവിഷയങ്ങള്‍ എന്നിവയില്‍നിന്നും മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളുണ്ടാകും. വിശദാംശങ്ങള്‍ https://nludelhi.ac.in/ ലെ AILET ലിങ്കില്‍ ലഭിക്കും.

അപേക്ഷ, https://nludelhi.ac.in/ വഴി മേയ് 20 രാത്രി 11.55 വരെ ഓണ്‍ലൈനായി നല്‍കാം.

Content Highlights: All India Law Entrance Test on June 20, Apply till May 20