കാര്‍ഷികവ്യാവസായിക മേഖലയില്‍ അഗ്രി ബിസിനസ് മാനേജ്മെന്റിന് സാധ്യതകളേറെയാണ്. ഉത്പാദനം വര്‍ധിപ്പിക്കാനും വിപണി കൈയടക്കാനുമെല്ലാം വൈദഗ്ധ്യമുള്ള മാനേജര്‍മാരെ വാര്‍ത്തെടുക്കുകയാണ് അഗ്രി ബിസിനസ് മാനേജ്മെന്റ് പാഠ്യപദ്ധതിയുടെ മുഖ്യലക്ഷ്യം. 

ബിരുദധാരികള്‍ക്ക് അഗ്രി ബിസിനസ് മാനേജ്മെന്റ് പഠിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള പുണെ വൈകുണ്ഠമേത്ത നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് (VAMNICOM) പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ അഗ്രി ബിസിനസ് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. 

രണ്ട് വര്‍ഷത്തെ ഫുള്‍ടൈം റെസിഡന്‍ഷ്യല്‍ കോഴ്സാണിത്. യോഗ്യത: ഫുള്‍ടൈമായി പഠിച്ച് ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാതെ ബിരുദവും IIMCAT\ MAT\ XAT\ ATMA\ CMAT യോഗ്യതയുമുള്ളവര്‍ക്ക് അപേക്ഷിക്കാം. അവസാനവര്‍ഷ പരീക്ഷയെഴുതുന്നവരെ പരിഗണിക്കും.

തിരഞ്ഞെടുപ്പ്: CAT\ MAT\ XAT\ ATMA\ CMAT\ GMAT\ GRE യുടെ സ്‌കോര്‍ പരിഗണിച്ച് ചുരുക്കപ്പട്ടിക തയ്യാറാക്കി ഗ്രൂപ്പ് ചര്‍ച്ചയും വ്യക്തിഗത അഭിമുഖവും നടത്തും. ഈ മാസം 31 വരെയാണ് അപേക്ഷ സ്വീകരിക്കുന്നത്.

അഗ്രിക്കള്‍ച്ചര്‍/ അനുബന്ധ വിഷയങ്ങളില്‍ കാര്‍ഷിക വാഴ്സിറ്റികളില്‍നിന്ന് ഫസ്റ്റ് റാങ്ക് കരസ്ഥമാക്കിയിട്ടുള്ളവര്‍ക്ക് ട്യൂഷന്‍ ഫീസില്‍ 25 ശതമാനം സൗജന്യം. 

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: https://vamnicom.gov.in/