ഏവിയേഷന്‍ മേഖലയുമായി ബന്ധപ്പെട്ട രണ്ടു പ്രോഗ്രാമുകളിലെ പ്രവേശത്തിന്, ഉത്തര്‍പ്രദേശ് അമേഠിയിലെ രാജീവ്ഗാന്ധി നാഷണല്‍ ഏവിയേഷന്‍ യൂണിവേഴ്‌സിറ്റി (ആര്‍.ജി.എന്‍.എ.യു.) അപേക്ഷ ക്ഷണിച്ചു.

ഏവിയേഷന്‍ സര്‍വീസ് ആന്‍ഡ് എയര്‍ കാര്‍ഗോ ബാച്ചിലര്‍ ഓഫ് മാനേജ്‌മെന്റ്് സ്റ്റഡീസ് പ്രോഗ്രാം പ്രവേശനത്തിന്, കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടു ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. പ്ലസ്ടു തലത്തില്‍ മാത്തമാറ്റിക്‌സ്/ബിസിനസ് സ്റ്റാറ്റിസ്റ്റിക്‌സ്/ബിസിനസ് മാത്തമാറ്റിക്‌സ് പഠിച്ചിരിക്കണം. ലോജിസ്റ്റിക്‌സ് സെക്ടര്‍ സ്‌കില്‍ കൗണ്‍സിലുമായി സഹകരിച്ചുനടത്തുന്ന പ്രോഗ്രാമില്‍, രണ്ടുവര്‍ഷത്തെ പഠനവും ഏവിയേഷന്‍/കാര്‍ഗോ കമ്പനികളിലെ ഒരുവര്‍ഷത്തെ അപ്രന്റിസ് പരിശീലനവും ഉള്‍പ്പെടുന്നു.

പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ എയര്‍പോര്‍ട്ട് ഓപ്പറേഷന്‍സ് പ്രോഗ്രാമിലേക്ക് 55 ശതമാനം മാര്‍ക്കോടെയുള്ള (പട്ടിക വിഭാഗക്കാര്‍ക്ക് 50 ശതമാനം) ബാച്ചിലര്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. 12 മാസത്തെ ക്ലാസ് റൂം പഠനവും ജി.എം.ആര്‍. എയര്‍പോര്‍ട്ടിലെ ആറുമാസ ഇന്റേണ്‍ഷിപ്പും അടങ്ങുന്നതാണ് പ്രോഗ്രാം.

യോഗ്യതാ പ്രോഗ്രാം മാര്‍ക്ക്, ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ മികവ് എന്നിവ പരിഗണിച്ചാകും തിരഞ്ഞെടുപ്പ്. അപേക്ഷ www.rgnau.ac.in വഴി ജൂലായ് ആറുവരെ നല്‍കാം.

Content Highlights: Admissions in  rajiv gandhi national aviation university