നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ (എന്‍.ഐ.ഡി.) വിവിധ കാമ്പസുകളില്‍ 2022 - 23ലെ നാലുവര്‍ഷ ബാച്ചിലര്‍ ഓഫ് ഡിസൈന്‍ (ബി.ഡിസ്.), രണ്ടരവര്‍ഷ മാസ്റ്റര്‍ ഓഫ് ഡിസൈന്‍ (എം.ഡിസ്.) പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം. ബാച്ചിലര്‍ പ്രോഗ്രാം അഹമ്മദാബാദ്, ആന്ധ്രാപ്രദേശ്, ഹരിയാണ, മധ്യപ്രദേശ്, അസം കാമ്പസുകളിലാണ്. അഹമ്മദാബാദ്, ബെംഗളൂരു, ഗാന്ധിനഗര്‍ കാമ്പസുകളിലാണ് മാസ്റ്റേഴ്‌സ് പ്രോഗ്രാം ഉള്ളത്.

യോഗ്യത: ബി.ഡിസ്. പ്രവേശനത്തിന് ഹയര്‍ സെക്കന്‍ഡറി/തത്തുല്യ കോഴ്‌സ് ജയിച്ചിരിക്കണം. ഏതു സ്ട്രീമില്‍ (ആര്‍ട്‌സ്/സയന്‍സ്/കൊമേഴ്‌സ്/ഹ്യുമാനിറ്റീസ്) പഠിച്ചവര്‍ക്കും യോഗ്യതാപരീക്ഷ 202122ല്‍ അഭിമുഖീകരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.

എം.ഡിസ്: ഇവയില്‍ ഒന്നു വേണം. (i) കുറഞ്ഞത് നാലുവര്‍ഷ കോഴ്‌സിലൂടെയുള്ള ബിരുദം (2022 മേയ്/ജൂണ്‍നകം) (ii) കുറഞ്ഞത് മൂന്നുവര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്‌സിലൂടെയുള്ള ഏതെങ്കിലും വിഷയത്തിലെ ബിരുദം (ഓഗസ്റ്റ് 2021നകം) (iii) ഡിസൈന്‍/ഫൈന്‍ ആര്‍ട്‌സ്/അപ്ലൈഡ് ആര്‍ട്‌സ്/ആര്‍ക്കിട്ടെക്ചര്‍ എന്നിവയിലൊന്നില്‍ കുറഞ്ഞത് നാലുവര്‍ഷ, മുഴുവന്‍സമയ കോഴ്‌സിലൂടെ നേടിയ ഡിപ്ലോമ (2022 മേയ്/ജൂണ്‍ നകം).

യോഗ്യത, പ്ലസ്ടു കഴിഞ്ഞ് നേടിയതോ നേടുന്നതോ ആയിരിക്കണം. രണ്ടു കോഴ്‌സുകളിലെയും പ്രവേശനം രണ്ടുഘട്ടമായി നടത്തുന്ന ഡിസൈന്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (ഡാറ്റ്)പ്രിലിംസ്, ഫൈനല്‍ വഴിയാണ്. പ്രിലിംസ് ജനുവരി രണ്ടിന് നടത്തും. തിരുവനന്തപുരം പരീക്ഷാകേന്ദ്രമാണ്.

അപേക്ഷ ഓണ്‍ലൈനായി admissions.nid.edu വഴി നവംബര്‍ 30ന് വൈകീട്ട് നാലുവരെ നല്‍കാം.

മാസ്റ്റേഴ്‌സിന് രണ്ട് സ്‌പെഷ്യലൈസേഷനുകള്‍ക്ക് വരെ അപേക്ഷിക്കാം. ഡിസംബര്‍ അഞ്ചിന് വൈകീട്ട് നാലുവരെ ലേറ്റ് ഫീസ് നല്‍കിയും അപേക്ഷിക്കാം.

Content Highlights: Admissions in National institute of design