സൗജന്യ ഓണ്‍ലൈന്‍ വിദ്യാഭ്യാസ പോര്‍ട്ടലായ സ്വയം (SWAYAM) വിവിധ ഓണ്‍ലൈന്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. രാജ്യത്തെ വിവിധ ഐഐടികള്‍, ഐഐഎം ബാംഗളൂര്‍, ഇഗ്നോ, എന്‍സിഇആര്‍ടി ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളാണ് കോഴ്‌സുകള്‍ നടത്തുന്നത്. 

https://swayam.gov.in എന്ന വെബ്‌സൈറ്റ് മുഖേനയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. 4 മുതല്‍ 24 ആഴ്ച വരെ ദൈര്‍ഘ്യമുള്ള കോഴ്‌സുകള്‍ ലഭ്യമാണ്.  ഇപ്പോള്‍ കോഴ്‌സ് പ്രവേശനം നടത്തുന്നവര്‍ക്ക് സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെയുള്ള മാസങ്ങളില്‍ പരീക്ഷയുണ്ടാകും. 

9-ാം ക്ലാസുകാര്‍ക്കു മുതല്‍ ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവര്‍ക്കുവരെ ചേരാവുന്ന വിവിധ കോഴ്‌സുകള്‍ സൗജന്യമായി പ്ലാറ്റ്‌ഫോമില്‍ ലഭ്യമാണ്. അനലിറ്റിക്കല്‍ കെമിസ്ട്രി, അനിമല്‍ ഫിസിയോളജി, മാത്തമാറ്റിക്‌സ് സോഫ്റ്റ്‌വേറായ ജിയോജിബ്ര തുടങ്ങിയ കോഴ്‌സുകള്‍ ഇവയില്‍ ചിലതാണ്.

നിലവില്‍ 200-ലേറെ സ്ഥാപനങ്ങള്‍ നടത്തുന്ന 3140 കോഴ്‌സുകള്‍ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാണ്. ഒന്നരക്കോടിയോളം വിദ്യാര്‍ഥികള്‍ ഇതിനോടകം കോഴ്‌സുകളില്‍ പ്രവേശനം നേടിയിട്ടുണ്ട്. കോഴ്‌സുകള്‍ സൗജന്യമാണെങ്കിലും സര്‍ട്ടിഫിക്കറ്റ് നേടാനായി അന്തിമ പരീക്ഷയെഴുതണം. ഇതിനായി വിദ്യാര്‍ഥികള്‍ നിശ്ചിത തുക ഫീസായി നല്‍കേണ്ടതുണ്ട്.

Content Highlights: Admission open for various new courses on SWAYAM platform