• ഐ.ഐ.ടി. ബിരുദ പ്രവേശനപരീക്ഷ അഭിമുഖീകരിക്കാന്‍ തൃപ്തിപ്പെടുത്തേണ്ട വ്യവസ്ഥകള്‍ എന്തെല്ലാം ?

ഷേര്‍ളി, ഇടുക്കി


ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി.), ആദ്യ ബിരുദ പ്രോഗ്രാം പ്രവേശനത്തിനായി നടത്തുന്ന പരീക്ഷയാണ് ജോയന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെ.ഇ.ഇ.) അഡ്വാന്‍സ്ഡ്. ഓരോ വര്‍ഷത്തെയും പ്രവേശനവുമായി ബന്ധപ്പെട്ട ഇന്‍ഫര്‍മേഷന്‍ ബ്രോഷറില്‍ വ്യവസ്ഥകള്‍ വ്യക്തമാക്കിയിരിക്കും.

2021ലെ ബ്രോഷറാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്. അതുപ്രകാരം പ്രവേശനപരീഷ അഭിമുഖീകരിക്കാന്‍ അഞ്ച് മാനദണ്ഡങ്ങള്‍ തൃപ്തിപ്പെടുത്തണം.

1. ജെ.ഇ.ഇ. (മെയിന്‍) പെര്‍ഫോമന്‍സ്: നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ.) നടത്തുന്ന ജെ.ഇ.ഇ. (മെയിന്‍) ബി.ഇ./ബി.ടെക്. പേപ്പറില്‍ വിവിധ കാറ്റഗറികളില്‍നിന്ന് മുന്നിലെത്തുന്ന രണ്ടരലക്ഷം പേരില്‍ ഒരാളായിരിക്കണം. രണ്ടരലക്ഷം പേരെ കണ്ടെത്തുക സംവരണതത്ത്വം പാലിച്ചാണ് (ജനറല്‍ഇ.ഡബ്ല്യു.എസ്. 10 ശതമാനം, ഒ.ബി.സി.  എന്‍.സി.എല്‍. 27 ശതമാനം, എസ്.സി. 15 ശതമാനം, എസ്.ടി.  7.5 ശതമാനം, ഓപ്പണ്‍ 40.5 ശതമാനം).

2. പ്രായപരിധി (2021 പ്രവേശനത്തിന്): 1996 ഒക്ടോബര്‍ ഒന്നിനോ ശേഷമോ ജനനം. പട്ടിക/ഭിന്നശേഷിക്കാരെങ്കില്‍ 1991 ഒക്ടോബര്‍ ഒന്നിനോ ശേഷമോ ജനിച്ചവര്‍ (ഇവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ അഞ്ചുവര്‍ഷത്തെ ഇളവുലഭിക്കും)

3. ശ്രമങ്ങളുടെ എണ്ണം: ഒരാള്‍ക്ക് തുടര്‍ച്ചയായ രണ്ടുവര്‍ഷങ്ങളിലായി രണ്ടുതവണ മാത്രമേ ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് അഭിമുഖീകരിക്കാന്‍ കഴിയൂ.

4. ക്ലാസ് 12/തത്തുല്യ പരീക്ഷ അഭിമുഖീകരിക്കല്‍: 2021ലെ വ്യവസ്ഥപ്രകാരം അപേക്ഷാര്‍ഥി 2020ലോ 2021ലോ ആയിരിക്കണം ക്ലാസ് 12/തത്തുല്യ പരീക്ഷ ആദ്യമായി അഭിമുഖീകരിച്ചത്. പ്ലസ്ടു തലത്തില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങള്‍ പഠിച്ചിരിക്കണം.

5. ഐ.ഐ.ടി.കളിലെ മുന്‍ പ്രവേശനങ്ങള്‍: ഇതിനകം ഒരു ഐ.ഐ.ടി.യില്‍ പ്രവേശനം നേടിയിരിക്കരുത്. പ്രോഗ്രാമില്‍ തുടര്‍ന്നാലും ഇല്ലെങ്കിലും ഈ മാനദണ്ഡം ബാധകമാണ്. ഓണ്‍ലൈനായോ റിപ്പോര്‍ട്ടിങ് സെന്ററില്‍ ഹാജരായോ ഐ.ഐ.ടി. സീറ്റ് സ്വീകരിച്ചവര്‍ക്കും ഇതുബാധകമാണ്. ഏതെങ്കിലും ഐ.ഐ.ടി.യില്‍ പ്രവേശനം നേടിയശേഷം, എന്തെങ്കിലുംകാരണത്താല്‍ പ്രവേശനം റദ്ദുചെയ്യപ്പെട്ടവര്‍ക്കും ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് അഭിമുഖീകരിക്കാന്‍ കഴിയില്ല.

Content Highlights: About IIT UG entrance exams