ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിദ്യാഭ്യാസ ചരിത്രവും പാരമ്പര്യവും പ്രദര്‍ശിപ്പിക്കുന്ന മ്യൂസിയം നിര്‍മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി മാനവവിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവഡേക്കര്‍. നോയിഡയില്‍ നാഷണല്‍ മ്യൂസിയം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുതിയ കാമ്പസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മ്യൂസിയങ്ങളും സ്മാരകങ്ങളും മഹത്തായ ചരിത്രത്തേയും പാരമ്പര്യത്തേയും പൗരാണികതയേയും വീണ്ടെടുക്കുന്നതിന് പ്രധാനമാണെന്ന് ജാവഡേക്കര്‍ പറഞ്ഞു. ഇന്ത്യയുടെ വിദ്യാഭ്യാസ ചരിത്രത്തിന് സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട്. പശ്ചാത്യ സര്‍വകലാശാലകളുടെ ഇന്നത്തെ നിലവാരത്തില്‍ നാളന്ദ, തക്ഷശില സര്‍വകലാശാലകള്‍ പ്രവര്‍ത്തിച്ചിരുന്ന കാലമുണ്ടായിരുന്നു. വിദേശത്തുനിന്ന് പഠിക്കാനായി ധാരാളം പേര്‍വന്ന പൗരാണിക ചരിത്രവും ഇന്ത്യക്ക് ഉണ്ടെന്ന് ജാവഡേക്കര്‍ പറഞ്ഞു.

സ്വാതന്ത്ര്യ സമരകാലത്ത് ബാലഗംഗാതര തിലകിനേയും മദന്‍മോഹന്‍ മാളവ്യയേയും പോലുള്ള നേതാക്കള്‍ സ്‌കൂളുകളും കലാലയങ്ങളും ആരംഭിച്ചു. ഇത് സ്വാതന്ത്ര്യാനന്തരം ആളുകള്‍ക്ക് വിദ്യാഭ്യാസം നേടുന്നതിന് സഹായകമായെന്നും ജാവഡേക്കര്‍ നിരീക്ഷിച്ചു.'നാഷണല്‍ മ്യൂസിയം ഓഫ് എജുക്കേഷണല്‍ ഹിസ്റ്ററി' എന്ന പേരില്‍ മ്യൂസിയം സ്ഥാപിക്കാനുള്ള പദ്ധതിയേക്കുറിച്ച് ആലോചിച്ച് വരികയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

Content Highlights: Working on Proposal for Museum for India's Educational History, Tradition: Prakash Javadekar