കോഴിക്കോട്: എസ്.എസ്.എല്‍.സി., പ്ലസ്ടു വിദ്യാര്‍ഥികളുടെ ഗ്രേസ് മാര്‍ക്കിന്റെ കാര്യത്തില്‍ അനിശ്ചിതത്വം. പരീക്ഷകള്‍ പൂര്‍ത്തിയായി മൂല്യനിര്‍ണയം തുടങ്ങാറാകുമ്പോഴും ഇക്കാര്യത്തില്‍ തീരുമാനമില്ലാത്തതില്‍ ആശങ്കാകുലരാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും. ഗ്രേസ് മാര്‍ക്കും കോവിഡ് കൊണ്ടുപോകുമോ എന്നാണ് പേടി.

എല്ലാ വര്‍ഷവും ഫെബ്രുവരിയിലാണ് ഗ്രേസ് മാര്‍ക്കിന് അര്‍ഹരായ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ സ്‌കൂളുകളില്‍ നിന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറെ അറിയിക്കാറ്. ഇക്കുറി കോവിഡ് കാരണം അധ്യായനം ഓണ്‍ലൈനിലായതിനാല്‍ കലാകായിക പരിപാടികളും പഠനേതരപ്രവര്‍ത്തനങ്ങളും മുടങ്ങി.

എങ്കിലും എന്‍.എസ്.എസ്., എന്‍.സി.സി., സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, എസ്.പി.സി. തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ പരിമിതമായ രീതിയിലെങ്കിലും നടന്നിരുന്നു. നടന്ന പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് അനുവദിക്കാനുള്ള നിര്‍ദേശം ഇതുവരെ വരാത്തതാണ് ആശങ്കയുണ്ടാക്കുന്നത്.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ പേരിലാണ് ഗ്രേസ് മാര്‍ക്കിലുള്ള തീരുമാനം വൈകുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. ശാസ്ത്രമേളകളും കലോത്സവവും കായികമേളയുമില്ലാതെ ഒരു അധ്യയനവര്‍ഷം പിന്നിടുമ്പോള്‍ നഷ്ടം വിദ്യാര്‍ഥികള്‍ക്കാണ്. പല സ്‌കൂളുകളും ഓണ്‍ലൈന്‍ കലാമേളകളും മറ്റും സംഘടിപ്പിച്ചിരുന്നെങ്കിലും അതിലെ പ്രകടനം ഗ്രേസ് മാര്‍ക്കിന് പരിഗണിക്കപ്പെടുമോ എന്നതിലും തീരുമാനമുണ്ടാകേണ്ടതുണ്ട്.

എസ്.എസ്.എല്‍.സി., പ്ലസ്ടു മൂല്യനിര്‍ണയം കഴിയുമ്പോഴേക്കും ഇക്കാര്യത്തില്‍ തീരുമാനമെടുത്താല്‍ മതിയെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പ്രവര്‍ത്തനം തീരേ കുറഞ്ഞ ഒരു അധ്യയനവര്‍ഷമായതിനാല്‍ ഗ്രേസ് മാര്‍ക്ക് വേണമോ, വേണമെങ്കില്‍ അതെങ്ങനെ വേണം തുടങ്ങിയ കാര്യങ്ങളില്‍ തിരഞ്ഞെടുപ്പ് ഫലം വന്നശേഷമാകും തീരുമാനമുണ്ടാവുക.

നിര്‍ദേശമൊന്നും വന്നില്ല

ഇക്കുറി ഗ്രേസ് മാര്‍ക്കിന്റെ കാര്യത്തില്‍ ഇതുവരെ ഒരു നിര്‍ദേശവും വന്നിട്ടില്ല.

വി.പി. മിനി, ഡി.ഡി.ഇ., കോഴിക്കോട്.

Content Highlights: Whether to give grace marks to students, decision not yet made, covid-19